News - 2025
ക്രൈസ്തവ പീഡനം നടത്തുന്ന രാജ്യങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തും: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മത സ്വാതന്ത്ര്യത്തിനുള്ള പ്രത്യേക പ്രതിനിധി
പ്രവാചക ശബ്ദം 01-01-2021 - Friday
ലണ്ടന്‍: ക്രൈസ്തതവ പീഡനം നടത്തുന്ന സർക്കാരുകള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മത സ്വാതന്ത്ര്യത്തിനുള്ള പ്രത്യേക പ്രതിനിധി ഫിയോണ ബ്രൂസ്. പ്രീമിയന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഫിയോണ ബ്രൂസ് ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബറില്‍ റെഹ്മാന്‍ ചിഷ്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഫിയോണ ബ്രൂസിനെ മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. വിശ്വാസ സ്വാതന്ത്ര്യം ഏറ്റവും അടിസ്ഥാന അവകാശങ്ങളില്‍ ഒന്നാണെന്നാണ് ബ്രൂസ് പറയുന്നത്.
വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഒപ്പം മറ്റു ചില മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതും തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും, എവിടെയെല്ലാം വിശ്വാസസ്വാതന്ത്യം ഭീഷണിയിലാണോ, അവിടെ മറ്റ് മനുഷ്യാവകാശങ്ങളും ഭീഷണിയിലാണെന്നും, വിശ്വാസസ്വാതന്ത്ര്യം ആക്രമിക്കപ്പെടുന്നിടത്ത്, ജനങ്ങളുടെ ജോലിയും, ഭവനവും ജീവിതസാഹചര്യങ്ങളും നഷ്ടപ്പെടുന്നതും നമുക്ക് കാണുവാന്‍ കഴിയുമെന്നും ബ്രൂസ് വിവരിച്ചു. 2019-ലെ ട്രൂറോയിലെ മെത്രാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കി എന്ന്‍ ഉറപ്പ് വരുത്തുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണന നല്‍കുകയെന്ന്‍ ബ്രൂസ് വ്യക്തമാക്കി.
നൈജീരിയയില്‍ നിന്നും തീവ്രവാദികള്‍ ബന്ധിയാക്കിയ ലീ ഷരീബു, പാകിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനിരയായ മരിയ ഷഹ്ബാസ് പോലെയുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനു തന്നില്‍ നിക്ഷിപ്തമായ പുതിയ ഉത്തരവാദിത്വം വിനിയോഗിക്കുവാനാണ് തന്റെ ആഗ്രഹമെന്നും ബ്രൂസ് പറഞ്ഞു. പുതിയ ഉത്തരവാദിത്വത്തില്‍ തനിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് താന്‍ ബോധവതിയാണെന്നും, ഈ ഉത്തരവാദിത്വം തന്നില്‍ നിക്ഷിപ്തമാകുന്നതിനു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറയുകയും ചെയ്തുകൊണ്ടാണ് ബ്രൂസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക