Life In Christ - 2025

കത്തോലിക്ക വിശ്വാസത്തിലേക്ക് മകനെ നയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍

പ്രവാചക ശബ്ദം 23-09-2020 - Wednesday

മാഞ്ചസ്റ്റർ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മകന്‍ വിൽഫ്രഡ് ജോൺസണിനു കത്തോലിക്കാ വൈദികന്‍ ജ്ഞാനസ്നാനം നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയമായ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിലാണ് ജ്ഞാനസ്നാന ശുശ്രൂഷകള്‍ നടന്നത്. കത്തോലിക്കാ സഭയിൽ മാമ്മോദീസ സ്വീകരിച്ചിട്ടുണ്ടെങ്കിലും പിന്നീട് ആംഗ്ലിക്കന്‍ സഭയില്‍ ചേര്‍ന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി നാലു മാസം പ്രായമുള്ള തന്റെ മകനെ കത്തോലിക്കാ സഭയിൽ ജ്ഞാനസ്‌നാനപ്പെടുത്തിയതാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടാന്‍ കാരണമായിരിക്കുന്നത്. സെപ്റ്റംബർ 12നാണ് ജ്ഞാനസ്നാനം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വിൽ‌ഫ്രെഡിനെ സ്‌നാനപ്പെടുത്തിയ വൈദികന്‍ കത്തീഡ്രലിന്റെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ഫാ. ഡാനിയേൽ ഹംഫ്രീസാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോൺസന്റെ ആറാമത്തെ കുട്ടി ഏപ്രിൽ 29നാണ് ജനിച്ചത്. കത്തോലിക്ക സഭയില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചിട്ടുണ്ടെങ്കിലും ബോറിസ് ജോൺസൺ പഠനകാലത്ത് തിരുസഭയില്‍ നിന്നു തെന്നിമാറി ആംഗ്ലിക്കൻ സഭയിൽ ചേര്‍ന്നിരിന്നു. പിന്നീട് രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ക്രിസ്തീയ വിശ്വാസത്തോട് ചേർന്നുനിൽക്കാത്ത തീരുമാനങ്ങൾ വ്യക്തിജീവിതത്തിൽ കൈക്കൊള്ളുന്നു എന്ന ആരോപണം അദ്ദേഹത്തിന് നേരെ ഉണ്ടായിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് മകനെ അദ്ദേഹം കത്തോലിക്ക വിശ്വാസത്തിലേക്ക് ആനയിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അതേസമയം മാമ്മോദീസ നടന്ന വിവരം രഹസ്യമായി സൂക്ഷിക്കാൻ പ്രധാനമന്ത്രി ആദ്യം ശ്രമിച്ചിരുന്നു. വാരാന്ത്യത്തിൽ ഇറ്റലിയിൽ അവധിക്കാലം ആഘോഷിച്ചുവെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രൽ ജ്ഞാനസ്നാന വിവരങ്ങള്‍ പരസ്യപ്പെടുത്തുകയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »