News
മനുഷ്യക്കടത്തിനെതിരെയുള്ള ഇന്ത്യന്‍ കന്യാസ്ത്രീകളുടെ പോരാട്ടം ശ്രദ്ധയാകര്‍ഷിക്കുന്നു
സ്വന്തം ലേഖകന്‍ 10-02-2018 - Saturday
മുംബൈ: മനുഷ്യക്കടത്തെന്ന ആഗോള തിന്മക്കെതിരെ ഇന്ത്യന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന പോരാട്ടം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മനുഷ്യന്റെ ജീവനും അന്തസും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2009-ല്‍ സിസ്റ്റര്‍ ജ്യോതി എസ്‌ബി സ്ഥാപിച്ച 'ഏഷ്യന്‍ മൂവ്മെന്റ് ഓഫ് വിമന്‍ റിലീജിയസ് എഗൈന്‍സ്റ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗ്' (AMRAT) എന്ന സംഘടനയാണ് ധീരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം കന്യാസ്ത്രീകളാണ് മനുഷ്യക്കടത്തിനെതിരെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. സമാന ചിന്താഗതിയുള്ള മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ശ്രംഖലയായി മനുഷ്യക്കടത്തിനെതിരെ സംഘടന പോരാടുന്നുവെന്നതും ശ്രദ്ധേയമാണ്.
അപകടം നിറഞ്ഞ മേഖലകളില്‍ പോലും ഇന്ത്യയില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ തങ്ങളുടെ ജീവന്‍ പോലും വകവെക്കാതെയാണ് മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് എഎംആര്‍എടിമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന യു.കെ. ആസ്ഥാനമായുള്ള ‘എറൈസ്’ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ ലൂക് ഡെ പുള്‍ഫോര്‍ഡ് പറയുന്നു. മനുഷ്യകടത്തെന്ന തിന്മക്കെതിരെയുള്ള സഭയുടെ മുഖ്യ ആയുധമെന്നാണ് സംഘടനയിലെ കന്യാസ്ത്രീകളെ പുള്‍ഫോര്‍ഡ് വിശേഷിപ്പിച്ചത്. തിന്മക്കെതിരെ പോരാടേണ്ട സമയം അതിക്രമിച്ചുവെന്നും, അതിനായി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ILO) കണക്കനുസരിച്ച് ആഗോളതലത്തില്‍ ഏറ്റവും ചുരുങ്ങിയത് 18 ദശലക്ഷത്തോളം ആളുകള്‍ അടിമകള്‍ തുല്ല്യമായ സാഹചര്യത്തില്‍ ജീവിക്കുന്നുണ്ട്. മനുഷ്യക്കടത്ത് ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. പതിനായിരകണക്കിന് കുട്ടികളാണ് ആളൊഴിഞ്ഞ നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെ മാത്രം കടത്തപ്പെടുന്നത്. പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്കും ഈ കുട്ടികള്‍ വിധേയരാകുന്നുണ്ടെന്ന് സംഘടനയില്‍ അംഗമായ കന്യാസ്ത്രീ വെളിപ്പെടുത്തി.
സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് സുരക്ഷിതമായ കുടിയേറ്റത്തിനു വേണ്ടിയും സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യകടത്തിനെ പ്രതിരോധിക്കുന്നതിനായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വിവര ശേഖരണവും സംഘടന നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഫെബ്രുവരി 8) വിശുദ്ധ ബഖിതയുടെ നാമഹേതു തിരുനാള്‍ ദിനത്തിലാണ് മനുഷ്യകടത്തിനെതിരെയുള്ള പ്രാര്‍ത്ഥനാദിനമായി സഭ ആചരിച്ചത്. ആഫ്രിക്കന്‍ അടിമയും പില്‍ക്കാലത്ത് കനോസ്സിയന്‍ കന്യാസ്ത്രീയുമായി തീര്‍ന്ന വിശുദ്ധ ബഖിതയാണ് മനുഷ്യക്കടത്തിനെതിരെയുള്ള മധ്യസ്ഥ.