News - 2024

ഇന്ന് വിഭൂതി; ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

സ്വന്തം ലേഖകന്‍ 12-02-2018 - Monday

കോട്ടയം: യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനായ ഫെബ്രുവരി 14 നാണ് ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്.

ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പ്കാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. മലയാറ്റൂര്‍, പാലയൂര്‍, കനകമല തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികളുടെ ശക്തമായ ഒഴുക്ക് ഉണ്ടാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 1നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക.


Related Articles »