News - 2025
യുക്രൈനെ സഹായിക്കുവാന്‍ വിഭൂതി ദിനത്തില്‍ ധനസമാഹരണ യജ്ഞവുമായി അമേരിക്കൻ കത്തോലിക്ക സഭ
പ്രവാചകശബ്ദം 27-01-2024 - Saturday
വാഷിംഗ്ടൺ ഡിസി: വരുന്ന ഫെബ്രുവരി 14ന് വിഭൂതി ബുധനാഴ്ചയോടനുബന്ധിച്ച്, യുദ്ധം തകർത്ത യുക്രൈനിലെയും കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരിന്ന 27 രാജ്യങ്ങളിലെയും തങ്ങളുടെ സഹോദരങ്ങളെ പിന്തുണയ്ക്കാൻ ധനസമാഹരണ യജ്ഞവുമായി അമേരിക്കൻ മെത്രാൻ സമിതി. മധ്യ-കിഴക്കൻ യൂറോപ്പിലെ സഭയ്ക്കുവേണ്ടിയുള്ള വാർഷിക ധനസമാഹരണത്തിലേക്ക് ഉദാരമായ സംഭാവന നല്‍കണമെന്ന് അമേരിക്കൻ മെത്രാന്‍ സമിതി വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യുക്രൈന്റെ മേല്‍ റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ, യുദ്ധത്തിന്റെ ഇരകൾക്ക് അടിയന്തര ദുരിതാശ്വാസ സഹായമായി രണ്ട് മില്യൺ ഡോളറിലധികം തുക അമേരിക്കന്‍ സഭ കൈമാറിയിരിന്നു.
2023-ൽ നൽകിയ 329 ഗ്രാൻ്റുകളോടൊപ്പം മൊത്തം 8.7 മില്യൺ ഡോളർ, ദേവാലയ പുനർനിർമ്മാണത്തിനും സെമിനാരി വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനും കുടുംബങ്ങളുടെയും യുവജനങ്ങളുടെയും ആത്മീയ ആവശ്യങ്ങൾക്കും അമേരിക്കന്‍ സഭ ചെലവിട്ടിരിന്നുവെന്നതും ശ്രദ്ധേയമാണ്. ഡെട്രോയിറ്റിലെ സഹായ മെത്രാനും മധ്യ - കിഴക്കൻ യൂറോപ്യൻ സഭയുടെ യുഎസ് കാത്തലിക് ബിഷപ്പ്‌സ് സബ് കമ്മിറ്റിയുടെ അധ്യക്ഷനുമായ ബിഷപ്പ് ജെഫ്രി എം. മോൺഫോർട്ടൺ, യുക്രൈന്‍ സന്ദര്‍ശിച്ച് ദുരിതബാധിതരോടും, കുടുംബങ്ങളോടൊപ്പം അമേരിക്കൻ സഭയുടെ ഐക്യദാർഢ്യവും പ്രകടിപ്പിച്ചിരിന്നു.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ആഹ്വാനമനുസരിച്ചാണ് യുഎസ് ബിഷപ്പുമാർ മധ്യ-കിഴക്കൻ യൂറോപ്യൻ സഭയ്ക്കു വേണ്ടി സമാഹരണ നടപടികൾ ആരംഭിച്ചത്. കത്തോലിക്കാ സംഘടനകൾ വഴിയുള്ള ഈ വാർഷിക ശേഖരണത്തിലൂടെ, യുക്രൈനിലും അയൽ രാജ്യങ്ങളിലും മറ്റ് 28 കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ സുവിശേഷവത്ക്കരണം, അജപാലന ദൗത്യം, സാമൂഹിക വ്യാപനം എന്നിവ മുന്‍നിര്‍ത്തി സഹായം ലഭ്യമാക്കുന്നുണ്ട്. ഭൂരിഭാഗം രൂപതകളും ഫെബ്രുവരി 14ന്, വിഭൂതി ബുധനാഴ്ച ഇടവകകളിൽ വാർഷിക ധനസമാഹരണ യജ്ഞം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.