News - 2024

വിഭൂതി ബുധന് ഇനി 7 ദിവസം മാത്രം; റോമില്‍ ഫ്രാന്‍സിസ് പാപ്പയുടെ കാര്‍മ്മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍

പ്രവാചകശബ്ദം 07-02-2024 - Wednesday

വത്തിക്കാന്‍ സിറ്റി: യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക് പ്രവേശിക്കുവാന്‍ ഒരുങ്ങുന്നു. സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ വരുന്ന തിങ്കളാഴ്ച ( ഫെബ്രുവരി 12) നോമ്പിലേക്ക് പ്രവേശിക്കും. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 14) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശല്‍ തിരുകര്‍മ്മം ദേവാലയങ്ങളില്‍ നടക്കും.

വിഭൂതി ബുധനാഴ്ച റോമിലെ അവെന്‍റൈന്‍ ഹില്ലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികനാകും. വിശുദ്ധ കുർബാനയ്‌ക്ക് മുമ്പ്, അവൻ്റൈനിലെ സെൻ്റ് അൻസെൽമിൻ്റെ ദേവാലയത്തിൽ പാപ്പ എത്തിച്ചേരും. സാന്താ സബീന ബസിലിക്കയിലേക്കുള്ള അനുതാപ പ്രദിക്ഷണത്തിലും പാപ്പ പങ്കെടുക്കും. വൈകുന്നേരം 5:00 മണിക്ക് വിശുദ്ധ കുർബാന അര്‍പ്പണവും നെറ്റിയില്‍ ചാരം പൂശല്‍ കര്‍മ്മവും നടക്കും. ഫെബ്രുവരി 18 ഞായറാഴ്ച മുതല്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച വരെ ഫ്രാൻസിസ് മാർപാപ്പ വ്യക്തിപരമായി തൻ്റെ നോമ്പുകാല ധ്യാനം നടത്തുമെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരിന്നു.

2024 നോമ്പിലെ പ്രധാന ദിനങ്ങള്‍: ‍

വിഭൂതി (സീറോ മലബാര്‍ | മലങ്കര -പൗരസ്ത്യ സഭകള്‍) - ഫെബ്രുവരി 12

വിഭൂതി (ലത്തീന്‍) - ഫെബ്രുവരി 14

ഓശാന ഞായര്‍ - മാര്‍ച്ച് 24

പെസഹ വ്യാഴം - മാര്‍ച്ച് 28

ദുഃഖവെള്ളി - മാര്‍ച്ച് 29

ദുഃഖ ശനി- മാര്‍ച്ച് 30

ഈസ്റ്റര്‍- മാര്‍ച്ച് 31.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »