News - 2024

ഇന്തോനേഷ്യയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വൈദികനു വെട്ടേറ്റു

സ്വന്തം ലേഖകന്‍ 12-02-2018 - Monday

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്ത പ്രവിശ്യയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ ആക്രമണം. സ്ലേമാന്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് ലിഡ്വിന കത്തോലിക്കാ പള്ളിയില്‍ ദിവ്യബലിക്കിടെ വാളുമായെത്തിയ അക്രമി വൈദികനടക്കം നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരിന്നു. അക്രമിയെ പിന്നീട് പോലീസ് വെടിവച്ചു കീഴ്‌പെടുത്തി. രാവിലെ 7.30നായിരുന്നു ആക്രമണം. 22 വയസുള്ള സുലിയോനോ എന്ന യുവാവാണ് ആക്രമണം നടത്തിയത്.

സംഭവം ഭീകരപ്രവർത്തനമാണോ എന്നു വ്യക്തമായിട്ടില്ല. ആക്രമണത്തിനു പ്രേരിപ്പിച്ച കാരണവും ഇയാള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. ഒരു മീറ്റര്‍ നീളമുള്ള വാളുമായെത്തിയ യുവാവ് അള്‍ത്താരയില്‍ ഗായകസംഘത്തിനു നേതൃത്വം നല്‍കുകയായിരുന്ന ജര്‍മ്മന്‍ വൈദികന്‍ ഫാ. കാള്‍ എഡ്മണ്ട് പ്രയറിനെയാണ് ആദ്യം ആക്രമിച്ചത്.

തുടര്‍ന്ന് ദേവാലയത്തിലെ തിരുസ്വരൂപങ്ങളും നശിപ്പിച്ചു. ഈ സമയം നൂറോളം വിശ്വാസികള്‍ ദേവാലയത്തിന് അകത്തുണ്ടായിരിന്നു. അക്രമത്തില്‍ ഭയന്ന്‍ പള്ളിയില്‍നിന്നിറങ്ങിയോടിയ വിശ്വാസികളെയും അക്രമി ലക്ഷ്യമിട്ടു. സംഭവം അറിഞ്ഞെത്തിയ പോലീസ് അരയ്ക്കു താഴെ വെടിവച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. ക്രൈസ്തവരും ഹിന്ദുക്കളുമാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നത്.


Related Articles »