News
'ഒഡീഷയുടെ ബാപ'യുടെ ഓര്‍മ്മയില്‍ ഹൈന്ദവ ക്രൈസ്തവ സമൂഹം
സ്വന്തം ലേഖകന്‍ 13-02-2018 - Tuesday
കട്ടക്ക്: രണ്ടാം ലോകമഹായുദ്ധത്തിൽ തടവിലാക്കപ്പെടുകയും പിന്നീട് കരുണയുടെ ദൗത്യവുമായി ഭാരതത്തില്‍ എത്തിച്ചേരുകയും ചെയ്ത പോളിഷ് വൈദികന്‍ ഫാ. മരിയൻ സെലസെക്കിന്റെ സ്മരണയില്‍ ഒഡീഷയിലെ ഹൈന്ദവ ക്രൈസ്തവ സമൂഹം. ഇന്നലെ നടന്ന ഫാ.മരിയൻ സെലക്കിന്റെ അനുസ്മരണ ചടങ്ങില്‍ ഹൈന്ദവരും ക്രൈസ്തവരും അടക്കമുള്ള ആയിരകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഫാ.സലേക്ക് തന്റെ അവസാന കാലഘട്ടം ചിലവഴിച്ച പുരി അമലോദ്ഭവ ദേവാലയത്തിൽ നടന്ന ശുശ്രൂഷകളിൽ കട്ടക്ക് ആർച്ച് ബിഷപ്പ് മോൺ.ജോൺ ബർവ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഒറീസയിലെ ആലംബഹീനരായ സമൂഹത്തിനും ഗോത്ര വംശത്തിനും വേണ്ടി ജീവിതം മാറ്റി വച്ച മിഷ്ണറി വൈദികനായ ഫാ. സെലസെക്കിനെ പ്രദേശവാസികള്‍ ബാപ എന്നാണ് വിളിച്ചിരിന്നത്. 1918 ജനുവരി മുപ്പതിന് ജനിച്ച ഫാ. സെലസെക്കിനെ മാതാപിതാക്കൾ ദൈവ വിശ്വാസിയാണ് വളർത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിനിടെ സെമിനാരി വിദ്യാർത്ഥിയായിരുന്ന സെലസെക്ക് ജർമ്മൻ ക്യാമ്പിൽ തടവിലായി. ക്യാമ്പില്‍ ദീര്‍ഘമായ സഹനങ്ങളിലൂടെ കടന്നു പോയ അദ്ദേഹം തളര്‍ന്നില്ല. അഞ്ചു വര്‍ഷത്തിന് ശേഷം മോചിതനായ അദ്ദേഹം ഇന്ത്യയിലെ പാവപ്പെട്ടവരുടേയും കുഷ്ഠരോഗികളുടേയും ഇടയിൽ സേവനമനുഷ്ഠിക്കാൻ തീരുമാനിക്കുകയായിരിന്നു.
തുടര്‍ന്നു ഒഡീഷയില്‍ എത്തിയ അദ്ദേഹം അനേകര്‍ക്ക് സാന്ത്വനമായി. രോഗികള്‍ക്ക് ഔഷധമായും നിരാലംബര്‍ക്ക് ആശ്രയമായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2006 ൽ അദ്ദേഹം മരണമടയുമ്പോൾ പ്രദേശത്തെ രോഗികളുടെയും ആലംബഹീനരുടേയും പരിലാളനം ഏറ്റ് വാങ്ങി അവരുടെ സ്നേഹപൂർണനായ ബാപയായി മാറിയിരുന്നു. അമ്പത്തിയാറ് വർഷം നീണ്ടു നിന്ന ത്യാഗജീവിതത്തിലൂടെ ഫാ. സെലസെക്ക് ലോകത്തിന് നല്കിയ മാതൃക ഉദാത്തമാണെന്ന് ആർച്ച് ബിഷപ്പ് മോൺ. ബർവ പറഞ്ഞു.
വ്യക്തികളുടെ ഉന്നമനത്തിലൂടെ മാത്രമേ സമൂഹത്തിന് അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കുക എന്ന ആശയമാണ് അദ്ദേഹം പ്രാവർത്തികമാക്കിയത്. ഫാ. സെലസെക്കിനെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള നടപടികൾ ആരംഭിച്ചതായും ആർച്ച് ബിഷപ്പ് ചടങ്ങിൽ പ്രഖ്യാപിച്ചു. രണ്ടായിരയത്തിഞ്ഞൂറോളം വരുന്ന ആളുകളുടെ സാന്നിദ്ധ്യത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങില്‍ നാൽപ്പത്തിയഞ്ച് വൈദികരും ഇരുപത് സന്യസ്തരും പങ്കെടുത്തു. രാഷ്ട്രീയ മത നേതാക്കന്മാരോടൊപ്പം ഇന്ത്യയിലെ പോളണ്ട് അംബാസിഡർ ആദം ബുരകോവ്സ്കിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.