News

ലോക സിനിമയ്ക്ക് ബൈബിള്‍ എന്നും പ്രചോദനം: വത്തിക്കാന്‍ മാധ്യമ കാര്യാലയ പ്രീഫെക്ട്

സ്വന്തം ലേഖകന്‍ 15-02-2018 - Thursday

മെക്സിക്കോ സിറ്റി: ലോക സിനിമയ്ക്ക് ബൈബിള്‍ എന്നും പ്രചോദനമാണെന്ന്‍ വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട് മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗാനോ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മെക്സിക്കോയിലെ മോന്തെരീ യൂണിവേഴ്സിറ്റിയില്‍ അവതരിച്ച പ്രബന്ധത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. “സിനിമയില്‍ ക്രിസ്തുവിന്‍റെ മുഖപ്രസാദം – ചരിത്രം, അവതരണരീതി, ദൃശ്യബിംബങ്ങളുടെ ഉള്‍ക്കാഴ്ച” എന്ന പേരിലാണ് പ്രബന്ധം അവതരിപ്പിച്ചത്. യേശുവുമായും ബൈബിളുമായുള്ള ബന്ധപ്പെട്ട് പുറത്തിറക്കിയ വിവിധ സിനിമകളുടെ പേരുകള്‍ അടക്കം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്.

സിനിമയുടെ ആരംഭം മുതല്‍ തന്നെ ബൈബിള്‍ വിഷയങ്ങള്‍ സ്വഭാവികമായും ഇടംകണ്ടെത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. ചലച്ചിത്രത്തിന്റെ അഭ്രപാളിയുടെ ഉപജ്ഞാതാക്കളായ അഗുസ്തേയും ലൂയി ലൂമിയെറും 1897-ല്‍ ക്രിസ്തുവിന്‍റെ പീഡാനുഭവ രംഗങ്ങള്‍ ആദ്യമായി ചിത്രീകരിച്ചത് ചരിത്രമാണ്. 1907-ല്‍ ഫെര്‍ഡിനന്‍റ് സേക്ക നിര്‍മ്മിച്ച ക്രിസ്തുവിന്‍റെ ജീവിതവും പീ‍ഡാനുഭവവും പ്രശസ്തമാണ്. 1916-ലാണ് ഹോളിവുഡില്‍ ജൂലിയോ അന്‍റൊമോറൊ 'ദി ക്രൈസ്റ്റ്' എന്ന ചലച്ചിത്രം നിര്‍മ്മിച്ചത്. 1927-ല്‍ സെസില്‍ ബി. ഡി മില്‍ സംവിധാനം ചെയ്ത ദി കിംഗ് ഓഫ് കിംഗ്സ് ലോകശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ഹെന്‍റി കോസ്റ്ററുടെ ക്രിസ്തുവിന്‍റെ തയ്യലില്ലാത്ത മേലങ്കിയെക്കുറിച്ചു പ്രതിപാദിച്ച് 'ദ റോബ്' എന്ന സിനിമ പുറത്തുവന്നു. 1957-ലാണ് പ്രേക്ഷക ലോകത്തെ ആശ്ചര്യപ്പെടുത്തിയ വിശ്വ ചലച്ചിത്രം 10 കല്പനകള്‍ (Ten Commandment) ചിത്രം പുറത്തുവന്നത്.

ചാള്‍ട്ടന്‍ ഹെന്‍സ്നാണ് ഇതില്‍ മോശയായി വേഷമിട്ടത്. 1964-ല്‍ പിയെര്‍ പാവുളോ പസ്സോളീന സംവിധാനം ചെയ്ത 'ഗോസ്പല്‍ അക്കോര്‍ഡിംഗ് ടോ സെന്‍റ് മാത്യു' ആധുനിക സിനിമ നിര്‍മ്മാണ പഠനത്തിന് മാതൃകയായി ഇന്നും നില്ക്കുന്നു. 1966-ല്‍ ജോണ്‍ ഹുസ്റ്റണ്‍ നിര്‍മ്മിച്ച 'ദി ബൈബിള്‍' ആഗോള ശ്രദ്ധ പിടിച്ചുപറ്റി. 1975-ല്‍ ' ദി മിശിഹാ' എന്ന ചലച്ചിത്രം നിര്‍മ്മിച്ചത് റോബര്‍ട്ടോ റോസിലിനിയായിരുന്നു. 1977-ല്‍ 7 മണിക്കൂര്‍ നീണ്ട 14 ഭാഗങ്ങളുള്ള ക്രിസ്തുവിന്‍റെ വ്യക്തിത്വം സുവിശേഷാധിഷ്ഠിതമായി ദൃശ്യാവിഷ്ക്കരിക്കപ്പെട്ടു.

ഫ്രാങ്കോ സെഫിറോല്ലിയാണി സംവിധാനം വഹിച്ച ചലച്ചിത്രത്തില്‍ ബ്രിട്ടിഷ് നടന്‍ റോബെര്‍ട് പവ്വലാണ് ക്രിസ്തുവിന്റെ വേഷം കൈക്കാര്യം ചെയ്തത്. 7 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സീരിയല്‍ ചിത്രം നിര്‍മ്മിച്ചത് സിനിമാ ലോകത്ത്, ബൈബിള്‍ വിഷയങ്ങള്‍ക്കുള്ള ശക്തി സ്ഥിരീകരിക്കുന്ന വസ്തുതയായിരുന്നു. 1988-ല്‍ കസന്‍സാക്കീസിന്‍റെ നോവലിനെ ആസ്പദമാക്കിയ 'ദി ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ജീസസ്' സംവിധാനം ചെയ്തത് മാര്‍ട്ടിന്‍ സ്കോര്‍സെസായിരിന്നു.

2004-ല്‍ ലോകത്തെ അമ്പരിപ്പിച്ച് മെല്‍ ഗിബ്സന്‍, ക്രിസ്തു അനുഭവിച്ച സഹനങ്ങളെ ദൃശ്യവത്ക്കരിച്ച് ദ പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് പുറത്തിറക്കി. 2006-ല്‍ കാതറീന്‍ ഹാര്‍ഡ് നിക്ക് ദി നേറ്റിവിറ്റി സ്റ്റോറി ചിത്രീകരിച്ചു. 2013-ല്‍ ക്രിസ്റ്റഫര്‍ സ്പെന്‍സര്‍ ദി സണ്‍ ഓഫ് ഗോഡ് അഥവാ ദൈവപുത്രന്‍ എന്ന ചിത്രവും പുറത്തുവന്നു. വിവിധ സംസ്ക്കാരത്തില്‍പ്പെട്ട പ്രേക്ഷകരെ ദൃശ്യാവിഷ്ക്കാരത്തിനും അപ്പുറമുള്ള യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ചൂഴ്ന്നിറങ്ങാന്‍ സിനിമ സഹായിക്കുന്നുണ്ടെന്നും മോണ്‍. വിഗാനോ തന്റെ പ്രബന്ധത്തില്‍ വിശദീകരിച്ചു.


Related Articles »