News - 2025

അര്‍മേനിയന്‍ സഭയുടെ തിരഞ്ഞെടുപ്പിലും തുര്‍ക്കി ഗവണ്‍മെന്‍റിന്റെ ഇടപെടല്‍

സ്വന്തം ലേഖകന്‍ 15-02-2018 - Thursday

ഇസ്താംബൂള്‍: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യങ്ങളില്‍ ഒന്നായ തുര്‍ക്കിയില്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ പാത്രിയാര്‍ക്കീസിന്റെ തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍ ഇടപെടല്‍. സഭ നടത്തിയ തിരഞ്ഞെടുപ്പ് ഇസ്താംബൂള്‍ ഗവര്‍ണര്‍ ഇടപ്പെട്ട് റദ്ദാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി 8-നായിരുന്നു പാത്രിയാര്‍ക്കീസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കികൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇക്കാര്യം ടര്‍ക്കിഷ് ദിനപത്രമായ ഹുറിയത്താണ് റിപ്പോര്‍ട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് വേണ്ട ഉപാധികള്‍ പാലിച്ചിട്ടില്ല എന്ന ആരോപണം ഉന്നയിച്ചാണ് റദ്ദാക്കല്‍.

ഇതിനു പുറമേ, അര്‍മേനിയന്‍ മെത്രാപ്പോലീത്തയായ കരേക്കിന്‍ ബെക്ദ്ജിയാന്റെ തിരഞ്ഞെടുപ്പ് സംബന്ധമായ താല്‍ക്കാലിക അധികാരങ്ങള്‍ റദ്ദാക്കികൊണ്ട് വൈസ് പാത്രിയാര്‍ക്കീസായ അരാം അടേസ്യാന്റെ അധികാരങ്ങള്‍ കൂട്ടുവാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍ നേതൃത്വം. നേരത്തെ ആരോഗ്യപരമായ കാരണത്താല്‍ പാത്രിയാര്‍ക്കീസ് ബെസ്രോബ് മുത്തഫിയാന് പാത്രിയാര്‍ക്കീസെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുവാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ മെത്രാപ്പോലീത്ത അരാം അടേസ്യാനെ വൈസ് പാത്രിയാര്‍ക്കീസായി നിയമിക്കുകയായിരിന്നു. പുതിയ പാത്രിയാര്‍ക്കീസിന്റെ തിരഞ്ഞെടുപ്പിനായി ചുമതലകള്‍ ശ്രേഷ്ഠ മെത്രാപ്പോലീത്ത കരേക്കിന്‍ ബെക്ജിയാനെ ഏല്‍പ്പിച്ചു.

തിരഞ്ഞെടുപ്പ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുവാനായി മെത്രാപ്പോലീത്ത ബെക്ജിയാന്‍ തുര്‍ക്കി ആഭ്യന്തരമന്ത്രാലയത്തിനു കത്തയച്ചപ്പോള്‍ പാത്രിയാര്‍ക്കീസ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും അതിനാല്‍ തല്‍സ്ഥിതി തുടരണമെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് അര്‍മേനിയന്‍ പാത്രിയാര്‍ക്കിന്റെ വൈദിക സമിതി പ്രസിഡന്റായ സാഹക് മസല്യന്‍ പറഞ്ഞു. ഇസ്താംബൂള്‍ ഗവര്‍ണറുടെ നടപടി ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. തുര്‍ക്കി ജനസംഖ്യയുടെ 98.6% ആളുകളും ഇസ്ളാമിക വിശ്വാസികളാണ്. മതസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമായിട്ടാണ് നടപടിയെ ക്രൈസ്തവര്‍ വിലയിരുത്തിയത്.


Related Articles »