News - 2025
ക്രൈസ്തവ പീഡനത്തെ സൂചിപ്പിച്ച് കൊളോസിയം രക്തവര്‍ണ്ണമണിഞ്ഞു
സ്വന്തം ലേഖകന്‍ 25-02-2018 - Sunday
റോം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ നേരിടുന്ന മത പീഡനങ്ങളുടെ തീവ്രതയിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ട് റോമിലെ കൊളോസിയം ഇന്നലെ രക്തവര്‍ണ്ണമണിഞ്ഞു. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡിന്റെ ആഭിമുഖ്യത്തിലാണ് കൊളോസിയം ഇന്നലെ ചുവപ്പ്നിറത്തില്‍ അലങ്കരിച്ചത്. സിറിയയിലെ ആലപ്പോ സെന്‍റ് ഏലിയ മാരോണൈറ്റ് കത്തീഡ്രലും ഇറാഖിലെ മൊസൂൾ സെന്‍റ് പോൾ ദേവാലയവും ഇന്നലെ സമാന രീതിയിൽ പ്രകാശിപ്പിച്ചു.
മതനിന്ദാ കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷ കാത്തു കഴിയുന്ന ആസിയ ബീബിയും ഗര്‍ഭിണിയായിരിക്കെ ബോക്കൊഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ റബേക്ക എന്ന യുവതി നേരിട്ട അതിക്രമങ്ങളും ലോകത്തിന് മുന്നില്‍ എടുത്തുകാണിക്കുവാനാണ് എസിഎന്‍ ഇത്തരമൊരു മുന്നേറ്റം നടത്തിയത്. എസിഎന്നിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നു ആസിയ ബീബിയുടെ പിതാവും മകളും പരിപാടിയില്‍ പങ്കുചേരാന്‍ റോമില്‍ എത്തിയിരിന്നു. തന്റെ മാതാവ് മോചിതയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തങ്ങള്‍ക്ക് സുരക്ഷയില്ലായെന്നും മകള്‍ ഈഷാം ആഷിക് വത്തിക്കാന്‍ മാധ്യമത്തോട് പറഞ്ഞു.
ലോകത്തിൽ തന്നെ ഏറ്റവുമധികം അടിച്ചമർത്തപ്പെട്ട സമൂഹമായി ക്രൈസ്തവർ മാറിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വർഷം എയിഡ് ടു ചർച്ച് ഇൻ നീഡ് പ്രസിദ്ധീകരിച്ചിരിന്നു. ഇതിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് കൊളോസിയം ചുവപ്പ് നിറത്താല്‍ അലങ്കരിക്കുവാന്‍ സംഘടന തീരുമാനിച്ചത്. കഴിഞ്ഞ വർഷം പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസിഎന്നിന്റെ ആഭിമുഖ്യത്തില്‍ ലണ്ടൻ പാര്‍ലമെന്‍റ്, പാരിസ് തിരുഹൃദയ കത്തോലിക്ക ദേവാലയം, ഫിലിപ്പീൻസിലെ മനില കത്തീഡ്രൽ ദേവാലയം എന്നിവ ചുവന്ന നിറത്താല്‍ അലങ്കരിച്ചിരിന്നു.