Arts

എത്യോപ്യയിലെ പുരാതന അത്ഭുത ദേവാലയത്തില്‍ അറ്റകുറ്റപണി

സ്വന്തം ലേഖകന്‍ 27-02-2018 - Tuesday

ആഡിസ് അബാബ: ലോകത്തെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന എത്യോപ്യയിലെ പ്രസിദ്ധ ശിലാദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഈ വര്‍ഷം നടത്തും. ലാലിബേ എന്ന സ്ഥലത്തു പാറ തുരന്നു ഒറ്റക്കല്ലിലാണ് ദേവാലയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എത്യോപ്യയിലെ യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 9 സ്ഥലങ്ങളില്‍ നാലെണ്ണം ഈ ദേവാലയങ്ങളാണ്. 350-ാം നൂറ്റാണ്ടില്‍ എത്യോപ്യയില്‍ നിലനിന്നിരുന്ന ഭൂഗര്‍ഭ ദേവാലയനിര്‍മ്മാണ ശൈലിയെ പ്രതിനിധാനം ചെയ്യുന്ന ദേവാലയങ്ങള്‍ ഇപ്പോഴും ഉപയോഗത്തില്‍ ഉള്ളതാണെന്നത് ശ്രദ്ധേയമാണ്.

കാലപ്പഴക്കം കൊണ്ട് ദേവാലയങ്ങളില്‍ നിരവധി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനാല്‍ അറ്റകുറ്റപണി നടത്തുവാന്‍ തീരുമാനിക്കുകയായിരിന്നുവെന്ന് അതോറിറ്റി ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് കള്‍ച്ചറല്‍ ഹെറിട്ടേജ് ഡയറക്ടറായ ഹൈലെ സെലക്ക് പറഞ്ഞു. ലാലിബേയിലെ ഈ ശിലാ ദേവാലയങ്ങളിലും, സബ് സഹാരന്‍ ആഫ്രിക്കയിലെ പുരാതന അക്സുമൈറ്റ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ അക്സും നഗരാവശേഷിപ്പുകളുടെ അറ്റകുറ്റപ്പണികളും ഈ വര്‍ഷം തന്നെ ആരംഭിക്കും.

34 ദശലക്ഷത്തോളം എത്യോപ്യന്‍ ബിര്‍ (12,41,000 USD) ആണ് അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി വകയിരുത്തിയിട്ടുള്ളത്. ഇതില്‍ നാലു ലക്ഷത്തോളം ഡോളര്‍ സംഭാവനയായി സമാഹരിച്ചതാണ്. 900 മീറ്ററോളം നീളമുള്ള മതിലിനാല്‍ ചുറ്റപ്പെട്ട ഈ കോട്ട നഗരം ദേവാലയങ്ങളും, ആശ്രമങ്ങളും ഉള്‍പ്പെടുന്നതാണ്. എത്യോപ്യയിലെ സോഡോ മേഖലയിലെ പുരാവസ്തുസ്മാരകങ്ങളായ 'ടിയാ' സ്തൂപങ്ങളിലും വിള്ളലുകള്‍ വീണിട്ടുണ്ടെന്ന് സെലക്ക് പറയുന്നു.

പ്രത്യേകതരം അടയാളങ്ങളും, ചിഹ്നങ്ങളും പുരാവസ്തുപരമായി പ്രാധാന്യമുള്ള ഈ സ്തൂപങ്ങളുടെ പ്രത്യേകതയാണ്. ഇവയുടെ അറ്റകുറ്റപ്പണികളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ എത്യോപ്യയിലെ അംഹാര മേഖലയിലാണ് രാജ്യത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തികേന്ദ്രമായ ലാലിബേല നഗരം സ്ഥിതി ചെയ്യുന്നത്. എത്യോപ്യയിലെ വിശുദ്ധ നഗരങ്ങളില്‍ ഒന്നായ ലാലിബേല പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. ഇത്തരത്തിലുള്ള 11 ദേവാലയങ്ങളാണ് എത്യോപ്യയിലുള്ളത്.


Related Articles »