News - 2025
വിശ്വാസരാഹിത്യത്തിന് സഭാധികാരികളും ഉത്തരവാദികള്‍: കര്‍ദ്ദിനാള്‍ സാറ
സ്വന്തം ലേഖകന്‍ 01-03-2018 - Thursday
വത്തിക്കാന്‍ സിറ്റി: ആഗോളസഭയിലെ വിശ്വാസരാഹിത്യത്തിന് വിശ്വാസികള്‍ മാത്രമല്ല ഉത്തരവാദികളെന്നും സഭാധികാരികള്‍ക്കും അതില്‍ ഉത്തരവാദിത്വമുണ്ടെന്നും വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ബെല്‍ജിയത്തില്‍ കത്തോലിക്ക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. നമ്മള്‍ക്ക് വിശ്വാസമുണ്ടോയെന്ന് നമ്മള്‍ തന്നെ സ്വയം ചോദിക്കേണ്ടിയിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. സഭയുടെ ഉന്നതനിലയിലുള്ള ചില പിതാക്കന്‍മാര്‍ വിവാഹം, കുടുംബം തുടങ്ങിയ മേഖലകളിലെ സഭാ പ്രബോധനങ്ങള്‍ക്ക് തുരങ്കംവെക്കുവാന്‍ ശ്രമിക്കുകയാണെന്നു പിന്നീട് മറ്റൊരു പ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ ആരോപിച്ചു.
ആശ്രമാധിപനായ ഫിലിപ്പ് മാവെറ്റ്, അപ്പസ്തോലിക് ന്യൂണ്‍ഷോ കര്‍ദ്ദിനാള്‍ ജോസഫ് ഡെ കെസേല്‍ തുടങ്ങിയ സഭാ പ്രമുഖരുടെ മുന്നില്‍വെച്ചായിരുന്നു കര്‍ദ്ദിനാളിന്റെ ആരോപണം. ശക്തമായ സാമ്പത്തിക ശ്രോതസ്സുകളുടേയും, മാധ്യമങ്ങളുടേയും സഹായത്താല്‍ വിവാഹബന്ധത്തിന്റെ സഭാപാരമ്പര്യത്തേയും ഉദ്ദേശ ശുദ്ധിയേയും നശിപ്പിക്കുവാന്‍ ചില സമ്മര്‍ദ്ദ ശക്തികള്‍ സഭയിലെ ചില പിതാക്കന്‍മാരിലൂടെ ശ്രമിക്കുകയാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
സമ്പന്ന രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ചില ഉന്നത പിതാക്കന്മാര്‍ ഗര്‍ഭധാരണം മുതല്‍ മരണം വരെയുള്ള മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ക്രിസ്ത്യന്‍ ധാര്‍മ്മികതയില്‍ മാറ്റം വരുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ദയാവധത്തിനും, ഭ്രൂണഹത്യക്കും പച്ചകൊടികാട്ടിക്കൊണ്ട് ചില പിതാക്കന്‍മാരും കത്തോലിക്ക പണ്ഡിതരും എഴുതുകയും പറയുമ്പോള്‍ തന്നെ അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി വെളിപ്പെടുന്നുണ്ട്. യേശുവിന്‍റെയും സഭയുടേയും പ്രബോധനങ്ങള്‍ ഉപേക്ഷിക്കുന്നത് വഴി വിവാഹം, കുടുംബം എന്നീ വ്യവസ്ഥിതികളുടെ നാശമാണ് സംഭവിക്കുന്നത്.
വിശ്വാസരാഹിത്യത്തിന് വിശ്വാസികള്‍ മാത്രമല്ല ഉത്തരവാദികള്‍. സഭാധികാരികളും അതില്‍ ഉത്തരവാദികളാണ്. നമ്മള്‍ക്ക് വിശ്വാസമുണ്ടോ ? എന്ന് നമ്മള്‍ തന്നെ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. വിശ്വാസരാഹിത്യം നമ്മുടെ സംസ്കാരത്തേയും ബാധിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. പാശ്ചാത്യ ലോകത്തെ മൂലച്യുതിയെ അപലപിക്കുവാനും കര്‍ദ്ദിനാള്‍ സാറ മറന്നില്ല. പാശ്ചാത്യര്‍ സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തുക മാത്രമല്ല, സ്വയം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുയാണ്. തങ്ങളുടെ വേരുകളും, മൂല്യങ്ങളും, സംസ്കാരവും നശിപ്പിക്കുന്നതിനോടൊപ്പം പാശ്ചാത്യ ലോകം തങ്ങളുടെ മൂല്യച്യുതിയെ വികസ്വര രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുവെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.