News
സേവ്യറച്ചനു ആയിരങ്ങളുടെ യാത്രാമൊഴി; ഘാതകനോട് വിദ്വേഷമരുതെന്ന് കര്‍ദ്ദിനാള്‍
സ്വന്തം ലേഖകന്‍ 03-03-2018 - Saturday
പെരുമ്പാവൂര്‍: മലയാറ്റൂര്‍ കുരിശുമുടിയില്‍ കുത്തേറ്റു മരിച്ച ഫാ. സേവ്യര്‍ തേലക്കാട്ടിന് നിറകണ്ണുകളോടെ ആയിരങ്ങളുടെ യാത്രാമൊഴി. ഇന്നു രാവിലെ 10ന് പെരുന്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ ആരംഭിച്ച സംസ്‌കാര ശുശ്രൂഷകള്‍ക്കു വന്‍ജനാവലിയാണു സാക്ഷ്യം വഹിച്ചത്. വൈദികരും സന്യസ്ഥരും വിശ്വാസികളും അടക്കം നൂറുകണക്കിനു പേരാണു അന്ത്യാഞ്ജലിയര്‍പ്പിക്കാനായി പള്ളിയിലെത്തി ചേര്‍ന്നത്. സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായുള്ള സമൂഹബലിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഏറെ ദുഃഖത്തോടെയാണ് കര്‍ദ്ദിനാള്‍ അനുശോചന പ്രസംഗം നടത്തിയത്.
അച്ചന്‍ എന്നും വിശ്വാസികളുടെ ഇടയില്‍ സ്മരണയായി നിലനില്‍ക്കുമെന്നും മരണത്തിന് കാരണക്കാരനായ സഹോദരനോട് വിദ്വേഷം വച്ചുപുലര്‍ത്തരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. "അച്ചന്റെ മരണം ഈ നോമ്പുകാലത്ത് ഈ കുരിശുമലയില്‍ സംഭവിച്ചത് എന്നും സ്മരണയായി നിലക്കും. നമ്മുടെ കര്‍ത്താവിന്റെ മരണത്തോടൊപ്പം ഈ മരണവും രക്ഷാകരമാകുമെന്നതില്‍ സംശയമില്ല. അച്ചന്റെ ശുശ്രൂഷകളുടെ അടിസ്ഥാനത്തില്‍ ദൈവം നിത്യസമ്മാനം നല്കുമെന്ന് ഉറപ്പുണ്ട്. നാം ഒരിയ്ക്കലും മരണത്തിന് കാരണക്കാരനായ സഹോദരനോട് വിദ്വേഷത്തിന്റെയോ പ്രതികാരത്തിന്‍റെയോ മനോഭാവം പുലര്‍ത്തരുത്".
"അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി നമ്മള്‍ പ്രാര്‍ത്ഥിക്കണം. നിരാശയുടെ നിമിഷങ്ങളിലൂടെ അദ്ദേഹം കടന്നു പോയെന്ന്‍ നാം മാധ്യമങ്ങളിലൂടെ കണ്ടു. അദ്ദേഹം മാനസാന്തരപ്പെട്ട് കര്‍ത്താവിലേക്ക് അദ്ദേഹം മടങ്ങിവരുന്നതിന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രത്യാശ ലഭിക്കുന്നതിനും നമ്മുക്ക് പ്രാര്‍ത്ഥിക്കാം. മരണപ്പെട്ട അച്ചന്റെ പ്രിയപ്പെട്ട കുടുംബത്തോട് അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ അമ്മയോട് എനിക്കു പറയാനുള്ളത്, നമ്മുടെയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ വ്യാകുലത്തോട് ചേര്‍ത്ത് ഈ വ്യാകുലം സമര്‍പ്പിക്കണമെന്നാണ്". കര്‍ദ്ദിനാള്‍ പറഞ്ഞു.
മൃതസംസ്ക്കാര ശുശ്രൂഷയിലും ദിവ്യബലിയിലും സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മുന്‍ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവരും പങ്കെടുത്തു.