News - 2025
ലോക ജനസംഖ്യയിലെ 81 ശതമാനത്തിനും സ്വന്തം ഭാഷയില്‍ ബൈബിള്‍
സ്വന്തം ലേഖകന്‍ 08-03-2018 - Thursday
ന്യൂയോര്‍ക്ക്: ആഗോള ക്രൈസ്തവസഭയ്ക്കു പ്രചോദനവും, പ്രോത്സാഹനവും നല്‍കികൊണ്ട് ലോകമാകമാനമുള്ള ബൈബിള്‍ തര്‍ജ്ജമയുടെ പുതിയ കണക്കുകള്‍ പുറത്തുവന്നു. ആകെ 760 കോടി ജനസംഖ്യയില്‍ 540 കോടി ആള്‍ക്കും തങ്ങളുടെ സ്വന്തം ഭാഷയില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ ലഭ്യമാണെന്ന് കണക്കുകള്‍ പറയുന്നു. ഇതിനുപുറമേ 63.1 കോടിയോളം ആളുകള്‍ക്ക് പുതിയ നിയമവും, 40.6 കോടി ആളുകള്‍ക്ക് വിശുദ്ധ ലിഖിത ഭാഗങ്ങളും സ്വന്തം ഭാഷകളില്‍ ലഭ്യമാണ്. ഏറ്റേര്‍ണല്‍ ന്യൂസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആകെയുള്ള ഏഴായിരത്തോളം ഭാഷകളില്‍ 6754 ഭാഷകളിലും സമ്പൂര്‍ണ്ണ ബൈബിള്‍ ലഭ്യമാണ്.
തുര്‍ക്ക്മെനിസ്ഥാനിലെ 70 ലക്ഷത്തോളം വരുന്ന സോട്ടുംഗ് വിഭാഗം, മൊസാംബിക്കിലെ 16,30,000ത്തോളം വരുന്ന എലോംവി വിഭാഗം, മ്യാന്‍മറിലെ ചിന്‍ ഭാഷക്കാര്‍ ഉള്‍പ്പെടെ 7 ഭാഷകളിലായി വിഭജിക്കപ്പെട്ട 130 ലക്ഷത്തോളം ആളുകള്‍ തുടങ്ങിയവര്‍ കഴിഞ്ഞവര്‍ഷം ആദ്യമായി സമ്പൂര്‍ണ്ണ ബൈബിള്‍ സ്വന്തം ഭാഷയില്‍ വായിച്ചതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം ഏതാണ്ട് 20.9 കോടിയോളം ആളുകള്‍ക്ക് സ്വന്തം ഭാഷയിലെ ബൈബിള്‍ ഇനിയും ലഭ്യമായിട്ടില്ല. ഇത്രയും ആളുകള്‍ വിഭജിച്ചു കിടക്കുന്ന ചെറിയ ഭാഷാവിഭാഗങ്ങളാണ് എന്നതാണ് ദൗത്യത്തെ ദുഷ്കരമാക്കുന്നത്.
എന്നാല്‍ ഇവയില്‍ പലതിന്റെയും തര്‍ജ്ജമ പുരോഗമിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഭാഷകള്‍ കാലത്തിനനുസരിച്ച് മാറികൊണ്ടിരിക്കുന്നതിനാല്‍ പുതിയ വിവര്‍ത്തനങ്ങള്‍ നിരന്തരം തയാറാക്കേണ്ടി വരുന്നത് മറ്റൊരു വെല്ലുവിളിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2017-ല്‍ മാത്രം 56.6 കോടി ജനങ്ങള്‍ക്കിടയില്‍ 30-ഓളം പുതിയ വിവര്‍ത്തനങ്ങളാണ് പുറത്തിറക്കിയത്. 26-ഓളം ബ്രെയിലി ലിപികളിലും ബൈബിള്‍ തര്‍ജ്ജമ ചെയ്തു കഴിഞ്ഞു. അതേസമയം 400-ഓളം വരുന്ന അടയാള ഭാഷകളില്‍ വെറും 10 ശതമാനത്തിനു മാത്രമാണ് ഏതെങ്കിലും ലിപിയുള്ളത്. ഇതിനായുള്ള ദൗത്യം ഏതാണ്ട് 32 രാജ്യങ്ങളില്‍ പുരോഗമിക്കുന്നുണ്ട്.