News - 2025
സമാധാന നൊബേല്‍ പുരസ്കാരത്തിന് ഇറാഖി പാത്രിയാര്‍ക്കീസും
സ്വന്തം ലേഖകന്‍ 10-03-2018 - Saturday
ബാഗ്ദാദ്: ഇറാഖിലെ മതപീഡനത്തിനിരയായ ക്രിസ്ത്യാനികള്‍ക്കിടയില്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കണക്കിലെടുത്ത് കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ്‍ ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കോയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുത്തി. ഇസ്ലാം മതസ്ഥരെയും ക്രൈസ്തവരെയും ഒരുപോലെ പരിഗണിച്ചു സമാധാനത്തിനും, സഹവര്‍ത്തിത്വത്തിനുമായി അദ്ദേഹം ഇറാഖില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്താണ് നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പുരസ്കാരം ലഭിക്കുക എന്നത് അത്ര പ്രധാനപ്പെട്ട കാര്യമല്ലായെന്നും ഇറാഖി ക്രൈസ്തവരുടെ മേല്‍ ശ്രദ്ധ ക്ഷണിക്കുവാനും നിലനിര്‍ത്തുവാനം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഒരു പ്രതീകാത്മക അടയാളം മാത്രമാണതെന്നും പാത്രിയാര്‍ക്കീസ് സാക്കോ പ്രതികരിച്ചു. തന്റെ നാമനിര്‍ദ്ദേശത്തെ മുസ്ലിം മതസ്ഥര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ‘എല്‍’യൂവ്രെ ഡി ഓറിയന്റ്’ എന്ന ഫ്രഞ്ച് സംഘടനയാണ് പാത്രിയാര്‍ക്കീസ് സാക്കോയുടെ പേര് നൊബേല്‍ പുരസ്കാരത്തിനായി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന്‍ നോര്‍വീജിയന്‍ നൊബേല്‍ പുരസ്കാര കമ്മിറ്റി ഈ നിര്‍ദ്ദേശം സ്വീകരിക്കുകയായിരിന്നു.
ജോര്‍ദാന്‍, ലെബനന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും അദ്ദേഹത്തിന്‍റെ നാമനിര്‍ദ്ദേശത്തെ പിന്തുണച്ചിട്ടുണ്ട്. 2013-ലാണ് കല്‍ദായ പാത്രിയാര്‍ക്കീസായി ലൂയിസ് റാഫേല്‍ നിയമിതനായത്. അന്നുമുതല്‍ ഇറാഖി ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയും, രാജ്യത്ത് സമാധാന പുനഃസ്ഥാപനത്തിനു വേണ്ടിയും തുടര്‍ച്ചയായി ശ്രമം നടത്തുവാന്‍ ആരംഭിക്കുകയായിരിന്നു. ഐഎസ് ആക്രമണത്തെ തുടര്‍ന്നുണ്ടായ പലായനത്തിനുശേഷം രാജ്യത്തിന്റെ ക്രൈസ്തവരുടെ നിലനില്‍പ്പിനായി ഇറാഖിലേക്ക് തിരിച്ചുവരുവാന്‍ അദ്ദേഹം വിശ്വാസികളോട് നിരന്തരം ആഹ്വാനം ചെയ്തു. ഈ ആഹ്വാനത്തെ സ്വീകരിച്ച നിരവധി പേര്‍ ഇറാഖിലേക്ക് മടങ്ങിയെത്തി. തിരിച്ചുവന്ന ക്രിസ്ത്യാനികളുടെ പുനരധിവാസത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരിന്നു.
ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ നേതൃത്വത്തില്‍ ഇറാഖി ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന വംശഹത്യക്കെതിരേയും അദ്ദേഹം ശബ്ദമുയര്‍ത്തി. രാജ്യത്തെ ക്രൈസ്തവ സമൂഹങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും, പരിതാപകരമായ അവസ്ഥയിലും മാറ്റമൊന്നുമില്ലെങ്കില്‍ വംശഹത്യക്ക് ലോകം ഉത്തരവാദിയായിരിക്കുമെന്ന്‍ 2014-ല്‍ അദ്ദേഹം നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. നൊബേല്‍ സമ്മാനത്തിനുള്ള മാര്‍ സാക്കോയുടെ നാമനിര്‍ദ്ദേശം ഇറാഖിലേയും മധ്യേഷ്യയിലേയും മുഴുവന്‍ ക്രിസ്ത്യാനികള്‍ക്കുമുള്ള അംഗീകാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഇറാഖിലെ കിര്‍കുര്‍ക്കിലെ മെത്രാപ്പോലീത്തയായ യൂസിഫ് തോമാ മിര്‍കിസ് പറഞ്ഞു.