News - 2024

സുവിശേഷവത്ക്കരണ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോയ്ക്കു കോവിഡ് 19

പ്രവാചക ശബ്ദം 12-09-2020 - Saturday

വത്തിക്കാന്‍ സിറ്റി: സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോയ്ക്കു കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്. കൊറോണയുടേതായ യാതൊരു രോഗലക്ഷണവും അദ്ദേഹത്തില്‍ പ്രകടമായിരുന്നില്ലെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഫിലിപ്പീന്‍സ് സ്വദേശിയായ അദ്ദേഹം ആഗോള കത്തോലിക്കാ സന്നദ്ധ ശ്രംഖലയായ ‘കാരിത്താസ് ഇന്റര്‍നാഷ്ണലി’സിന്റെ നിലവിലെ പ്രസിഡന്റ് കൂടിയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് കര്‍ദ്ദിനാള്‍ അന്റോണിയോ ഫ്രാന്‍സിസ് പാപ്പയുമായി സ്വകാര്യ സംഭാഷണം നടത്തിയിരുന്നു.

കര്‍ദ്ദിനാളിന് രോഗ ലക്ഷണമൊന്നുമില്ലായിരുന്നെന്നും, സെപ്റ്റംബര്‍ 10ന് ഫിലിപ്പീന്‍സില്‍ എത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ രോഗബാധ സ്ഥിരീകരിച്ചതെന്നും, നിലവില്‍ ഐസൊലേഷനിലാണെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി ‘കാത്തലിക് ന്യൂസ് ഏജന്‍സി’യോട് വെളിപ്പെടുത്തി. കര്‍ദ്ദിനാളുമായി ബന്ധപ്പെട്ടവരുടെ പരിശോധനകള്‍ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ഏഴിന് റോമില്‍വെച്ച് അദ്ദേഹത്തിന് കോവിഡ് പരിശോധനാ നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.

മനിലയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജനതകളുടെ സുവിശേഷവത്കരണത്തിന്റെ ചുമതലയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ തലവനായി നിയമിതനാകുന്നത്. വത്തിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍മാരില്‍ ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്നത് കര്‍ദ്ദിനാള്‍ അന്റോണിയോയ്ക്കാണ്. റോമിലെ വികാര്‍ ജനറല്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസിന് ശേഷം റോം കേന്ദ്രമാക്കിയുള്ള കര്‍ദ്ദിനാള്‍മാരില്‍ ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്നതും ഇദ്ദേഹത്തിനു തന്നെയാണ്. കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് ഇപ്പോള്‍ പൂര്‍ണ്ണമായും രോഗവിമുക്തനാണ്. മഹാമാരി ആരംഭിച്ചതിന് ശേഷം ആഗോള തലത്തില്‍ പത്തു കത്തോലിക്ക മെത്രാന്‍മാരാണ് ഇതുവരെ കോവിഡ് രോഗബാധയെ തുടര്‍ന്നു മരിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »