News - 2025
മകളുടെ പ്രഥമ കുമ്പസാരത്തിന്റെ ആഹ്ലാദത്തില്‍ വാല്‍ബെര്‍ഗ് ദമ്പതികള്‍
സ്വന്തം ലേഖകന്‍ 12-03-2018 - Monday
ന്യൂയോര്‍ക്ക്: ലോകമെമ്പാടും അറിയപ്പെടുന്ന താരങ്ങള്‍ എന്നതിലപ്പുറം തങ്ങളുടെ കത്തോലിക്കാ വിശ്വാസം ഏറ്റുപറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത ദമ്പതികളാണ് പ്രസിദ്ധ ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബെര്‍ഗൂം പത്നിയും മോഡലുമായ റിയാ ഡര്‍ഹാമും. വൈദികരുടെ മഹത്വവും കൂദാശകളുടെ പ്രാധാന്യവും ക്രൈസ്തവ ജീവിതത്തിലെ പ്രധാന ദിവസങ്ങളും തങ്ങള്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ലോകത്തിന് മുന്നില്‍ വീണ്ടും വീണ്ടും പ്രഘോഷിച്ച ഇവര്‍ മറ്റൊരു വീഡിയോയിലൂടെ തങ്ങളുടെ കത്തോലിക്ക വിശ്വാസം വീണ്ടും ഏറ്റുപറഞ്ഞിരിക്കുകയാണ്. താര ദമ്പതികളുടെ മകള്‍ ഗ്രേസിന്റെ ആദ്യ കുമ്പസാരത്തിനായുള്ള യാത്രയിലുള്ള വീഡിയോയും പ്രാര്‍ത്ഥനയോടെയുള്ള കുഞ്ഞിന്റെ ചിത്രവുമാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. വാല്‍ബെര്‍ഗ് ദമ്പതികള്‍ തന്നെയാണ് ഇവ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്.
മകള്‍ ഗ്രേസിനൊപ്പം കുടുംബമായി ദേവാലയത്തിലേക്ക് പോകുന്ന വീഡിയോ റിയയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. “ഞങ്ങള്‍ ഗ്രേസിന്റെ ആദ്യ കുമ്പസാരത്തിനു പോവുകയാണ്. അവള്‍ ആദ്യമായി കുമ്പസാരിക്കുവാന്‍ പോകുന്നു” എന്ന് റിയാ വീഡിയോയിലൂടെ പറയുന്നു. “ഗ്രേസ്, ഇപ്പോള്‍ നിനക്കെന്താണ് തോന്നുന്നത് ?” എന്ന റിയായുടെ ചോദ്യത്തിന് “നല്ലത്” എന്നും “നീ കുമ്പസാരിക്കുവാന്‍ തയ്യാറാണോ ?” എന്ന ചോദ്യത്തിന് “അതെ” എന്നും മറുപടികൊടുക്കുന്നതും വീഡിയോയിലൂടെ കാണാം. മാര്‍ക്കും, റിയായും, ഗ്രേസും ദേവാലയത്തില്‍ നില്‍ക്കുന്ന ചിത്രവും റിയ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുമ്പസാരത്തിനു ശേഷം ഗ്രേസ് തന്റെ അനുതാപ പ്രാര്‍ത്ഥന ചൊല്ലുന്ന ചിത്രമാണ് റിയ അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയും ചിത്രങ്ങളുമെല്ലാം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായികൊണ്ടിരിക്കുകയാണ്. നെറ്റിയില്‍ ചാരംകൊണ്ട് കുരിശടയാളം വരച്ചു വിഭൂതിതിരുനാള്‍ ആശംസകള്‍ നേരുന്ന വീഡിയോ ഉള്‍പ്പെടെ ഇതിനും മുന്‍പും ഈ ദമ്പതികള്‍ തങ്ങളുടെ വിശ്വാസത്തെ ഏറ്റുപറയുന്ന പോസ്റ്റുകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. കത്തോലിക്കാ വിശ്വാസിയായിട്ടാണ് വളര്‍ന്നതെങ്കിലും 2016-ലെ ഒരു ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മാര്‍ക്ക് തന്റെ കത്തോലിക്കാ വിശ്വാസം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. പിന്നീട് തങ്ങളുടെ വിശ്വസം ഏറ്റുപറഞ്ഞുകൊണ്ട് പലതവണ ഈ ദമ്പതികള്‍ രംഗത്തെത്തിയിരിന്നു.