News - 2025
ഉജ്ജയിന്‍ മിഷന്‍ ആശുപത്രിയ്ക്കു നേരെയുള്ള ആര്‍എസ്‌എസ് ആക്രമണം ഇത് രണ്ടാം തവണ
സ്വന്തം ലേഖകന്‍ 13-03-2018 - Tuesday
ഉജ്ജയിന്‍: നിര്‍ധനര്‍ക്കു ആശ്വാസമായ ഉജ്ജയിന്‍ പുഷ്പ മിഷന്‍ ആശുപത്രിക്കു നേരെ ഇന്നലെ നടന്ന അക്രമം ജനുവരിയില്‍ നടന്ന അതിക്രമത്തിന്റെ തുടര്‍ച്ച. കഴിഞ്ഞ 45 വര്‍ഷമായി മികച്ച സേവനവും കുറഞ്ഞ ചികിത്സാചെലവുമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഇക്കഴിഞ്ഞ ജനുവരി 27നാണ് മുന്‍പ് കൈയേറ്റ, ആക്രമണ ശ്രമം നടന്നത്. ആശുപത്രിയുടെ ഒരു കവാടവും അനുബന്ധ സ്ഥലങ്ങളും ഉള്‍പ്പെടുന്ന ഭാഗം തന്റേതാണെന്ന് അവകാശപ്പെട്ടു സ്ഥലത്തെ എംപിയും ബിജെപി നേതാവുമായ ചിന്താമണി മാളവ്യയുടെ പ്രൈവറ്റ് സെക്രട്ടറി ഗഗന്‍സിംഗിന്റെ നേതൃത്വത്തിലായിരുന്നു കൈയേറ്റശ്രമം. സംഭവത്തിനു ശേഷം ആശുപത്രി അധികൃതര്‍ ഉജ്ജയിന്‍ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി.
ഹര്‍ജിയില്‍ തീര്‍പ്പു കല്‍പിക്കുന്നതിനു മുന്പാണ് ഇന്നലത്തെ അപ്രതീക്ഷിത ആക്രമണം. അതേസമയം, തനിക്ക് അനുകൂലമായി കോടതി ഉത്തരവുണ്ടെന്ന് അവകാശപ്പെട്ടാണ് ഗഗന്‍സിംഗും സംഘവും കൈയേറ്റവും ആക്രമണവും ഇന്നലെ നടത്തിയത്. എന്നാല്‍ ഇതിനെ ആശുപത്രി ഡയറക്ടര്‍ ഫാ. ആന്റണി പുളിക്കമണ്ഡപം നിഷേധിച്ചു. ഇതുസംബന്ധിച്ചു സര്‍ക്കാരിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്ന് ആശുപത്രിക്കു വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 62 വര്‍ഷമായി രൂപതയുടെ പേരിലുള്ള ഭൂമിയിലാണു ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
ബിഷപ്പ്സ് ഹൗസിനു പുറമേ, സ്‌കൂള്‍, രൂപത സോഷ്യല്‍ സര്‍വീസ് സെന്റര്‍, നഴ്‌സുമാര്‍ക്കും നിര്‍ധനരായ വിദ്യാര്‍ഥിനികള്‍ക്കുമുള്ള ഹോസ്റ്റലുകള്‍ എന്നിവയും ഇതേ ക്യാമ്പസിലാണു പ്രവര്‍ത്തിക്കുന്നത്. ഇത്രയും നാള്‍ യാതൊരു പ്രശ്നവും ഇല്ലാത്ത ഭൂമിയിലാണ് ബിജെപി നേതാവ് ഉടമസ്ഥാവാകാശം വാദിക്കുന്നത്. ബിഷപ്പ്സ് ഹൗസില്‍നിന്നു നൂറു മീറ്റര്‍ മാറിയുള്ള ആശുപത്രിയില്‍ ഇന്നലെ ആക്രമണം അഴിച്ചുവിട്ടിയ സംഘപരിവാര്‍ സംഘം ബ്ലെഡ് ബാങ്ക്, തീവ്രപരിചരണ വിഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി, കുടിവെള്ള ബന്ധവും വിച്ഛേദിച്ചിരിന്നു. ഗേറ്റും ഇന്‍റര്‍ലോക്കും മതിലും അക്രമികള്‍ തകര്‍ത്തു. ആര്‍എസ്‌എസ് അക്രമികളുടെ ആക്രമവും നിസ്സഹായരായി നില്‍ക്കുന്ന സന്യസ്ഥരുടെ ദൃശ്യവും ഇന്നലെ തന്നെ പുറത്തുവന്നിരിന്നു.