News - 2025
ബംഗാളില്‍ ക്രൈസ്തവ ദേവാലയത്തിന് നേരെ ‘ജയ് ശ്രീ റാം’ മുഴക്കി ആര്‍എസ്‌എസ് ബോംബാക്രമണം
സ്വന്തം ലേഖകന്‍ 30-12-2019 - Monday
കൊല്‍ക്കത്ത: ബംഗാളിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ ‘ജയ് ശ്രീ റാം’ മുഴക്കി ബോംബെറിഞ്ഞ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍. എട്ട് പേരടങ്ങുന്ന സംഘമാണ് ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ആക്രമണം നടത്തിയത്. കൊല്‍ക്കത്തയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഈസ്റ്റ് മിഡ്‌നാപൂരിലെ ഭഗ്‌വാന്‍പൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പ്രാര്‍ത്ഥനയ്ക്കായി എത്തിയവര്‍ ചിതറിയോടിയതോടെ പള്ളിയിലെ വസ്തുക്കളും ഇവര്‍ അടിച്ച് തകര്‍ത്തിരുന്നു. ഫാ. അലോക് ഘോഷ് നല്‍കിയ പരാതിയിലാണ് തീവ്രഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തത്.
ആക്രമണം നടത്തിയ എട്ട് പേരും ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നു പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചയോടെ വിശ്വാസികള്‍ ദേവാലയത്തിലെത്തിയതും ബോംബുകള്‍ പൊട്ടുകയുമായിരുന്നു. ആളുകള്‍ ഇറങ്ങിയോടിയതോടെ സംഘം പള്ളിയില്‍ കയറി കസേരകള്‍, മേശകള്‍, ജനാലകള്‍, മൈക്രോഫോണുകള്‍ എന്നിവ തല്ലിത്തകര്‍ത്തു. ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ ഒഡീഷ, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ബംഗാളില്‍ നിന്ന്‍ ഇത്തരത്തിലുള്ള സംഭവം ആദ്യമാണ്.