News - 2025
മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവർക്ക് സഹായവുമായി വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 13-03-2018 - Tuesday
വത്തിക്കാന്‍ സിറ്റി: ഇസ്ലാമിക തീവ്രവാദികളുടെയും വിമത പോരാളികളുടെയും അക്രമത്തെ തുടര്‍ന്നു പീഡനങ്ങളിലൂടെ കടന്നുപോകുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് വത്തിക്കാന്റെ കൈത്താങ്ങ്. ഇക്കൊല്ലത്തെ ദുഃഖവെള്ളിയാഴ്ച ലഭിക്കൂന്ന സ്തോത്രകാഴ്ചയും ഇതര തുകയും മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവെക്കുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി ഇക്കഴിഞ്ഞ മാര്‍ച്ച് 12-ന് പുറത്തുവിട്ട കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇക്കൊല്ലത്തെ ദുഃഖവെള്ളിയാഴ്ച പിരിവ് വിശുദ്ധ നാടിനു പുറമേ, ജോര്‍ദ്ദാന്‍, സൈപ്രസ്, സിറിയ, ലെബനന്‍, ഈജിപ്ത്, എത്യോപ്യ, എറിത്രിയ, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളിലെ ക്രൈസ്തവരുടെ ക്ഷേമത്തിനായി ഉപയോഗിക്കും. കാരുണ്യ പ്രവര്‍ത്തികള്‍ വഴി മറ്റുള്ളവരെ സഹായിക്കുവാനുള്ള ഒരു നല്ല അവസരമാണ് നോമ്പ് കാലം. ദുഃഖങ്ങളിലൂടെ കടന്നുപോകുന്ന നമ്മുടെ സഹോദരീ സഹോദരന്‍മാരോടുള്ള ഐക്യദാര്‍ഢ്യവും, നമ്മള്‍ കൂടെയുണ്ടെന്ന്‍ അവരെ ബോധ്യപ്പെടുത്തുവാനുമുള്ള ഒരു മാര്‍ഗ്വുഗമാണ് ദുഃഖവെള്ളിയാഴ്ചത്തെ സ്തോത്രക്കാഴ്ച.
സിറിയയിലേയും, ഇറാഖിലേയും യുദ്ധങ്ങള്‍ കാരണം പലായനം ചെയ്ത ആയിരകണക്കിന് കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും നമ്മുടെ സഹായത്തിന്റെ ആവശ്യമുണ്ട്. അവരുടെ കണ്ണുനീര്‍ നമ്മുടെ ഹൃദയങ്ങളെ ഭേദിക്കുകയും, പ്രതീക്ഷയുടെ ഉറവിടമായ ക്രൈസ്തവ കാരുണ്യത്തിലൂടെ അവരെ ആശ്ലേഷിക്കുവാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. കുരിശുമരണം വരെ സ്വയം ശൂന്യനാക്കിയ ക്രിസ്തുവിന്റെ ആത്മാവിനെ സ്വീകരിച്ചില്ലെങ്കില്‍ നമ്മുടെ സഹോദരന്‍മാരുടെ നിലവിളികള്‍ കേള്‍ക്കാതെ പോവുകയും അവര്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുമെന്നും കര്‍ദ്ദിനാള്‍ കുറിച്ചു.
വിശുദ്ധ സ്ഥലങ്ങളുടെ പരിപാലനത്തിനും സഭയുടെ അജപാലക, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, വിദ്യാഭ്യാസത്തിനും, സാമൂഹ്യ ഉന്നമന പ്രവര്‍ത്തനങ്ങള്‍ക്കും ലക്ഷ്യമിട്ട് വാഴ്ത്തപ്പെട്ട പോള്‍ ആറാമനാണ് ദുഃഖവെള്ളിയാഴ്ച സ്തോത്രക്കാഴ്ചയെന്ന സമ്പ്രദായം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച പിരിവായ 72 ലക്ഷത്തോളം ഡോളര്‍ മധ്യപൂര്‍വ്വേഷ്യയിലെ സഭയുടെ ഉന്നമനത്തിനും, ഇറാഖിലെ നിനവേ മേഖലയിലെ ക്രിസ്ത്യനികളുടെ പുനരിധിവാസത്തിനും വേണ്ടിയും ഉപയോഗിച്ചിരിന്നു.