News - 2025

അയര്‍ലണ്ടിന്റെ ഭ്രൂണഹത്യ നയത്തിനെതിരെ പതിനായിരങ്ങളുടെ പ്രതിഷേധ റാലി

സ്വന്തം ലേഖകന്‍ 13-03-2018 - Tuesday

ഡബ്ലിന്‍: യൂറോപ്യന്‍ രാജ്യമായ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് നിയമാനുമതി നല്‍കുവാനുള്ള നീക്കത്തിനെതിരെ പതിനായിരങ്ങളുടെ പ്രോലൈഫ് റാലി. ഗര്‍ഭസ്ഥശിശുക്കളെ ഭ്രൂണഹത്യയില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ടു തലസ്ഥാന നഗരമായ ഡബ്ലിനില്‍ നടന്ന കൂറ്റന്‍ പ്രോലൈഫ് റാലി രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചു. ‘റാലി ഫോര്‍ ലൈഫ്’ എന്ന പേരില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജീവന്റെ മഹത്വം കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടന്നത്. പ്രായഭേദമന്യേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയ പതിനായിരങ്ങളാണ് റാലിയില്‍ അണിചേര്‍ന്നത്.

സമീപ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അയര്‍ലണ്ട് കണ്ട ഏറ്റവും വലിയ പ്രതിഷേധ റാലിയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച നടന്നതെന്ന്‍ സംഘാടകര്‍ പറഞ്ഞു. സാധാരണക്കാരായ ആളുകളാണ് പ്രോലൈഫ് റാലിയില്‍ മുഖ്യമായും പങ്കെടുത്തതെന്ന് ദി ഐറിഷ് ടൈംസിന്റെ വാര്‍ത്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ജനിക്കുവാനിരിക്കുന്ന ശിശുക്കളോടുള്ള സ്നേഹം അവരുടെ ഓരോരുത്തരുടേയും മുഖത്ത് പ്രകടമായിരുന്നുവെന്നും, അതൊരിക്കലും രാഷ്ട്രീയക്കാര്‍ക്ക് അടിയറവ് വെക്കുന്നതല്ലായിരിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുവാന്‍ പാസ്സാക്കിയ ‘എട്ടാം ഭേദഗതി’ റദ്ദുചെയ്യണമെന്ന ശക്തമായ സമ്മര്‍ദ്ദം അയര്‍ലണ്ട് ഭരണകൂടത്തിനു മേല്‍ ഏറിവരികയാണ്.

ആഗോള തലത്തില്‍ അതിസമ്പന്നരായ വ്യക്തികളുടെ സഹായത്തോടെ ഗര്‍ഭഛിദ്ര അനുകൂലികള്‍ ഇത് നിയമപരമാക്കുവാന്‍ ശ്രമിച്ചുവരികയാണെന്ന്‍ വിവിധ മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. അതേസമയം എട്ടാം ഭേദഗതി റദ്ദുചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള വോട്ടെടുപ്പ് മെയ് മാസത്തില്‍ നടക്കും. ഈ സാഹചര്യത്തില്‍ ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന എട്ടാം ഭേദഗതിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വീടുവീടാന്തരം കയറിയിറങ്ങുവാന്‍ ഐറിഷ് പ്രോലൈഫ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.


Related Articles »