News - 2025

വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയുമായി ക്രിസ്ത്യന്‍- യഹൂദ കോണ്‍ഫറന്‍സ്

സ്വന്തം ലേഖകന്‍ 15-03-2018 - Thursday

മാഞ്ചസ്റ്റര്‍: യഹൂദ, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഇക്കാലത്ത് നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളെകുറിച്ചും ഇതര വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുവാനായി ബ്രിട്ടണില്‍ പ്രത്യേക കോണ്‍ഫറന്‍സ് നടന്നു. ‘കൗണ്‍സില്‍ ഓഫ് ക്രിസ്ത്യന്‍ ആന്‍ഡ്‌ ജൂസ്’ (CCJ) ന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 12-ന് മാഞ്ചസ്റ്ററിലെ ചാന്‍സിലേഴ്സ് ഹോട്ടലില്‍ വച്ചുനടന്ന കോണ്‍ഫറന്‍സില്‍ നിരവധി റബ്ബിമാരും വൈദികരും പങ്കെടുത്തു. യാഥാസ്ഥിതിക യഹൂദ വിശ്വാസത്തിന്റെ വക്താവായ റബ്ബി ജോനാഥന്‍ വിറ്റെന്‍ബെര്‍ഗ്, ലിച്ച് ഫീല്‍ഡിലെ ആംഗ്ലിക്കന്‍ മെത്രാനായ മൈക്കേല്‍ ഇപ്ഗ്രേവ്‌ ഒ.ബി.ഇ, ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ യഹൂദ പഠനവിഭാഗം സീനിയര്‍ ലെക്ച്ചററായ ഡോ അലാന വിന്‍സെന്റ്, ലിബറല്‍ യഹൂദ സിനഗോഗിലെ റബ്ബിയായ അലെക്സാണ്ട്ര റിറ്റ്, ചലഞ്ചിംഗ് ഹേറ്റ് ഗ്രൂപ്പ് തലവനായ റിച്ചാര്‍ഡ് ബെന്‍സണ്‍ തുടങ്ങിയ പ്രമുഖര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിച്ചു.

പ്രാദേശിക തലത്തിലുള്ള പരസ്പര സഹകരണവും വ്യക്തിഗത ബന്ധങ്ങളും വര്‍ദ്ധിപ്പിക്കുക, യഹൂദര്‍ക്ക് നേരെയുള്ള വിഭാഗീയതയെകുറിച്ചും ഇസ്രായേല്‍- പലസ്തീന്‍ പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുക തുടങ്ങിയ വിഷയങ്ങളില്‍ ആണ് കോണ്‍ഫറന്‍സ് പ്രധാനമായും ചര്‍ച്ച നടത്തിയതെന്ന് സംഘാടകരായ സി‌സി‌ജെ അറിയിച്ചു. വംശീയ കുറ്റകൃത്യങ്ങളെ തടയുവാന്‍ ക്രൈസ്തവരും യഹൂദരും, മുസ്ലീങ്ങളും ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് റവ. കാനന്‍ സ്റ്റീവ് വില്യംസ് സംസാരിച്ചു. തുറന്ന സംവാദത്തെ എന്നും സ്വാഗതം ചെയ്യുമെന്നു സി‌സി‌ജെയുടെ ഡയറക്ടറായ എലിസബത്ത് ഹാരിസ് സോചെന്‍കോ പറഞ്ഞു. 1942-ല്‍ റബ്ബിയായ ജോസഫ് ഹെര്‍ട്സിന്റേയും, വില്ല്യം ടെമ്പിള്‍ മെത്രാപ്പോലീത്തയുടേയും നേതൃത്വത്തിലാണ് ‘കൗണ്‍സില്‍ ഓഫ് ക്രിസ്ത്യന്‍ ആന്‍ഡ്‌ ജ്യൂസ്’ (CCJ) സ്ഥാപിതമാകുന്നത്.


Related Articles »