News - 2024

ഇറാഖി ക്രൈസ്തവരെ സംരക്ഷിക്കുവാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധം: യു‌എസ് വൈസ് പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 18-03-2018 - Sunday

വാഷിംഗ്ടണ്‍: പീഡനത്തിനിരയാകുന്ന ഇറാഖി ക്രിസ്ത്യാനികളെ സംരക്ഷിക്കുവാന്‍ ട്രംപ്‌ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് വീണ്ടും പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്‌. വൈറ്റ്‌ഹൗസ്‌ വൃത്തങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വരുന്ന മെയ്‌ മാസത്തില്‍ ഇറാഖില്‍ നടക്കുവാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലും, സര്‍ക്കാര്‍ രൂപീകരണത്തിലും ഇറാന്‍ സ്വാധീനം ചെലുത്തുവാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പുറത്തുവന്നതിനെ തുടര്‍ന്ന് മൈക്ക് പെന്‍സ്‌ ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദിയുമായി സംസാരിച്ചുവെന്നും ഇസ്ലാമിക്‌ സ്റ്റേറ്റുമായുണ്ടായ പോരാട്ടത്തെ തുടര്‍ന്ന് ഭവനരഹിതരായ ഇറാഖി ക്രിസ്ത്യാനികളെ കുറിച്ച് ചര്‍ച്ച ചെയ്തെന്നും പ്രസ്താവനയില്‍ പറയുന്നു.

ട്വിറ്റര്‍ സന്ദേശത്തിലൂടെ പെന്‍സ്‌ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. “ഇറാഖിലേയും, മധ്യപൂര്‍വ്വേഷ്യയിലേയും മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളേയും, മറ്റ് മതന്യൂനപക്ഷങ്ങളേയും സംരക്ഷിക്കുവാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന കാര്യം ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദിയുമായി സംസാരിച്ചു. ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ മേല്‍ നേടിയ വിജയത്തിന് ഇറാഖി പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ ഇറാഖും, അമേരിക്കന്‍ സൈന്യമുള്‍പ്പെടുന്ന സഖ്യക്ഷികളുമായുള്ള പങ്കാളിത്തവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി”. മൈക്ക് പെന്‍സിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

അതേസമയം ഇസ്ലാമിക്‌ സ്റ്റേറ്റിനെതിരെ വിജയം നേടിയതായി ഇറാഖി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ ക്രിസ്ത്യാനികളുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ജീവരക്ഷാര്‍ത്ഥം പലായനം ചെയ്ത ക്രൈസ്തവര്‍ കഴിഞ്ഞ ഏതാനും നാളുകളായി സ്വന്തം നാട്ടിലേക്കു കൂട്ടമായി മടങ്ങിയെത്തുന്നുണ്ട്. ജീവിതമാര്‍ഗ്ഗവും സ്വഭവനങ്ങളും നഷ്ട്ടപ്പെട്ട ഇവര്‍ക്ക് താങ്ങാകുന്നത് എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്, നൈറ്റ്സ് ഓഫ് കൊളംബസ് തുടങ്ങിയ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ ട്രംപ് ഭരണകൂടം നല്‍കുന്ന പിന്തുണ രാജ്യത്തെ ക്രൈസ്തവര്‍ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.


Related Articles »