News - 2025

ആക്രമണ സാധ്യത: ഇന്തോനേഷ്യൻ ദേവാലയങ്ങളിൽ ജാഗ്രതാനിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ 20-03-2018 - Tuesday

ജക്കാർത്ത: ഇന്തോനേഷ്യയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദ്ദേശം. വിശുദ്ധവാര ശുശ്രൂഷകള്‍ അടുത്തു നടക്കാനിരിക്കുന്ന സാഹചര്യത്തെ കൂടി പരിഗണിച്ചാണ് സഭാധികാരികള്‍ വിശ്വാസ സമൂഹത്തോട് കൂടുതൽ ജാഗ്രത പാലിക്കാന്‍ നിർദ്ദേശം നൽകിയിരിക്കുന്നത്. ഉയിര്‍പ്പു തിരുനാളിനോടനുബന്ധിച്ച് ഇടവകകളിലും മിഷൻ കേന്ദ്രങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്നു പാലംബാങ്ങ് അതിരൂപത വികാരി ജനറാൾ ഫാ.ഫെലിക്സ് അറ്റ്മോജോ വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. മുൻ വർഷങ്ങളിലേതു പോലെ ദേവാലയക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ സഭാനേതൃത്വം കൂടുതല്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം പതിനൊന്നിന് യോഗ്യാകര്‍ത്തായിലെ സെന്‍റ് ലിഡ്വിന ദേവാലയത്തിൽ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആയുധധാരി ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിൽ സെമറാങ്ങ് അതിരൂപത വികാരി ജനറാൾ ഫാ. ഫ്രാൻസിസ്കസ് വിഗ്നിയോ സുമാർത്തയും ദേവാലയങ്ങളില്‍ സുരക്ഷ വർദ്ധിപ്പിക്കുവാൻ നിർദ്ദേശം നൽകിയിരുന്നു. സുരക്ഷയുടെ ഭാഗമായി പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണങ്ങളുടെ നടുവിൽ പ്രകോപനപരമായ നീക്കങ്ങളൊന്നും ക്രൈസ്തവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് മേദൻ ആർച്ച് ബിഷപ്പ് അന്‍സിറ്റസ് സിനാഗ അഭ്യർത്ഥിച്ചു.

ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേരെ വിവേചനവും ആക്രമണങ്ങളും ഓരോ ദിവസവും വർദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇന്തോനേഷ്യയില്‍ നിലനില്‍ക്കുന്നത്. മാർച്ച് 8 ന് തെക്കൻ സുമത്രായിലെ ചാപ്പലിൽ നടന്ന ആക്രമണത്തിൽ ദേവാലയത്തിനും തിരുസ്വരൂപങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. കഴിഞ്ഞ മാസം ഇസ്ലാമിക നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന കാരണത്താൽ രണ്ടു ക്രൈസ്തവ വിശ്വാസികളെ പൊതുവേദിയിൽ ചാട്ടവാര്‍ കൊണ്ട് അടിച്ചു ശിക്ഷിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു. മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയിൽ പത്തു ശതമാനത്തോളമാണ് ക്രൈസ്തവ സാന്നിദ്ധ്യം.


Related Articles »