News - 2025

സി‌ബി‌സി‌ഐ പ്രസിഡന്റ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു; സഭയുടെ സേവനങ്ങള്‍ തുടരണമെന്ന് മോദി

സ്വന്തം ലേഖകന്‍ 21-03-2018 - Wednesday

ന്യൂഡല്‍ഹി: ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് മന്ദിരത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്നലെ രാവിലെ 11.30 മുതല്‍ അര മണിക്കൂറോളമാണ് ചര്‍ച്ച നടത്തിയത്. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യനുമാണ് പ്രധാനമന്ത്രിയെ കണ്ടത്. രാഷ്ട്രനിര്‍മാണത്തില്‍ സഭ നടത്തിവരുന്ന സേവനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളില്‍ കത്തോലിക്കാ സഭ തങ്ങളുടെ അംഗസഖ്യ അനുസരിച്ചുള്ളതിനേക്കാള്‍ വലിയ സേവനം നടത്തുന്നതു തുടരണമെന്ന് മോദി ആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനവും ചര്‍ച്ചയായി. മാര്‍പാപ്പയ്ക്കും രാഷ്ട്രപതിയും, പ്രധാനമന്ത്രിയും അടക്കമുള്ള ഇന്ത്യയിലെ നേതൃത്വത്തിനും യോജിച്ച തീയതികള്‍ കണ്ടെത്തുന്നതാണു തടസ്സമെന്ന് മോദി പറഞ്ഞതായി കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി എന്തെങ്കിലും ഉറപ്പു നല്‍കിയില്ലായെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം യാഥാര്‍ഥ്യമാക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ച് കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഭയാശങ്കകള്‍ മാറ്റാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി ശക്തമായ സന്ദേശം നല്‍കണമെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് എന്തു പ്രശ്‌നമുണ്ടെങ്കിലും പരിഹാരം കണ്ടെത്തുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നു മോദി പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസംഘത്തിലെ ഒന്പത് കര്‍ദിനാള്‍മാരില്‍ ഒരാളും മുംബൈ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് സിസിബിഐ (ദേശീയ ലാറ്റിന്‍ മെത്രാന്‍ സമിതി, എഫ്എബിസി (ഏഷ്യന്‍ മെത്രാന്‍ സമിതി) എന്നിവയുടെ പ്രസിഡന്‍റ് പദവിയും അലങ്കരിക്കുന്നുണ്ട്. കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇന്ന് രാജ്യത്തെ ക്രൈസ്തവ എംപിമാരുമായി കൂടിക്കാഴ്ച നടത്തും. എംപിമാര്‍ക്ക് അത്താഴവിരുന്നും നല്‍കും.


Related Articles »