News - 2025
സ്വീഡനില്‍ മതസ്കൂളുകള്‍ നിരോധിക്കുമെന്ന വാഗ്ദാനത്തെ അപലപിച്ച് ക്രൈസ്തവര്‍
സ്വന്തം ലേഖകന്‍ 21-03-2018 - Wednesday
സ്റ്റോക്ക്ഹോം: സ്വീഡനില്‍ ‘കണ്‍ഫെഷണല്‍ സ്കൂള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ക്രിസ്തീയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മതസ്കൂളുകള്‍ നിരോധിക്കുമെന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വാഗ്ദാനത്തെ അപലപിച്ച് സ്വീഡിഷ് കത്തോലിക്കര്‍. ജനങ്ങളുടെ വോട്ട് നേടുവാനുള്ള ഒരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണിതെന്ന് കത്തോലിക്കാ സ്കൂള്‍ നേതൃത്വം പറഞ്ഞു. ഭരണത്തിലിരിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി സഖ്യം സെപ്റ്റംബറില്‍ അടുത്ത തിരഞ്ഞെടുപ്പ് നേരിടാനിരിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ മതസ്കൂളുകളുടെ നിരോധനത്തിനായിരിക്കും തങ്ങളുടെ പ്രഥമ പരിഗണനയെന്ന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പറയുന്നു. എന്നാല്‍ ഗ്രീന്‍പാര്‍ട്ടിയും, സെന്റര്‍ പാര്‍ട്ടിയും ഇക്കാര്യത്തില്‍ നിഷ്പക്ഷതയാണ് പുലര്‍ത്തുന്നത്.
മതങ്ങള്‍ക്ക് കീഴിലുള്ള സ്കൂളുകള്‍ വിശ്വാസത്തിന്റേയും, ലിംഗത്തിന്റേയും അടിസ്ഥാനത്തില്‍ കുട്ടികളെ വിഭജിക്കുന്നുവെന്നാണ് ഇതിനു കാരണമായി ഡെമോക്രാറ്റിക് പാര്‍ട്ടി പറയുന്നത്. നിരോധനം സാധ്യമായില്ലെങ്കില്‍ മതസ്കൂളുകളെ മതനിരപേക്ഷ സ്കൂളുകളാക്കി മാറ്റുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. മതസ്വാതന്ത്ര്യത്തിനു മേലുള്ള മറ്റൊരു കടന്നു കയറ്റമായിട്ടാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഈ നിലപാടിനെ കത്തോലിക്ക സഭ കാണുന്നത്. നിലവില്‍ മതസ്കൂളുകള്‍ക്ക് ഒരുപാട് നിയന്ത്രണങ്ങള്‍ സ്വീഡനിലുണ്ട്. മതങ്ങളുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് ഫീസ് വാങ്ങിക്കുവാനോ, സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുവാനോ രാജ്യത്തു അനുവാദമില്ല.
സമാനമായി സ്കൂള്‍ സമയത്തു മതബോധനവും, പ്രാര്‍ത്ഥനയും സ്വീഡനിലെ സ്കൂളുകളില്‍ അനുവദനീയമല്ല. കത്തോലിക്കാ സഭയ്ക്കും വിശ്വാസങ്ങള്‍ക്കും എതിരെ മുന്‍വിധികളോട് കൂടിയ പൊതുചര്‍ച്ചകളാണ് സ്വീഡനില്‍ നടന്നുവരുന്നതെന്ന്‍ നോട്രെഡെയിം കത്തോലിക്കാ സ്കൂള്‍ പ്രിന്‍സിപ്പാളായ പാഡി മാഗ്വിര്‍ പറഞ്ഞു. സ്വീഡനിലെ ഇസ്ളാമിക ജനസംഖ്യ വര്‍ദ്ധിക്കുകയും, മുസ്ലീം സ്കൂളുകളില്‍ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ വിഭജിക്കുന്ന പ്രവണത കണ്ടുകൊണ്ടാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഈ നിരോധനത്തിനൊരുങ്ങതെന്നും, എന്നാല്‍ അവര്‍ക്കത് തുറന്നുപറയുന്നതിനുള്ള ധൈര്യമില്ലെന്നും മാഗ്വിര്‍ വിവരിച്ചു.
71 സ്കൂളുകളാണ് വിവിധ മതവിശ്വാസ നേതൃത്വത്തിന് കീഴില്‍ സ്വീഡനില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 59 എണ്ണം ക്രിസ്ത്യന്‍ സഭകളുടേതും, 11 എണ്ണം മുസ്ലീം മതത്തിന്റെ കീഴിലും ഒരെണ്ണം യഹൂദ മതത്തിന്റെ കീഴിലുമാണ്. നിരോധനം നടപ്പിലാകുകയാണെങ്കില്‍ 10,000 ത്തോളം സ്കൂള്‍ കുട്ടികളെ അത് ബാധിക്കും. സ്റ്റോക്ക്ഹോം കര്‍ദ്ദിനാള്‍ ആന്‍ഡേഴ്സ് അര്‍ബോറേലിയൂസും, വിവിധ ക്രിസ്ത്യന്‍ സംഘടനകളും സംയുക്തമായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാടിനെതിരെ പ്രതിഷേധിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.