News - 2024

സുവിശേഷത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞവരെ സ്മരിച്ച് ഇന്ന് മിഷ്ണറി രക്തസാക്ഷി ദിനം

സ്വന്തം ലേഖകന്‍ 24-03-2018 - Saturday

റോം: യേശുവിന്റെ വചനത്തിന് വേണ്ടി നിലകൊണ്ടു സുവിശേഷ പ്രഘോഷണത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ച മിഷ്ണറിമാരെ സ്മരിച്ച് ഇന്ന് മിഷ്ണറി രക്തസാക്ഷി ദിനം. സാൻ സാൽവഡോർ അതിരൂപത മെത്രാൻ വാഴ്ത്തപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്‌കര്‍ റൊമേറോയുടെ രക്തസാക്ഷി ദിനമായ മാർച്ച് 24, മിഷ്ണറി രക്തസാക്ഷി ദിനമായി ആചരിക്കുവാന്‍ ഇറ്റാലിയൻ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ കീഴിലെ മിഷ്ണറി യൂത്ത് മൂവ്മെന്റാണ് 1993-ല്‍ ആഹ്വാനം ചെയ്തത്. പ്രാർത്ഥനയോടെയും ഉപവാസത്തോടെയും മിഷൻ രക്തസാക്ഷികളെ അനുസ്മരിക്കുന്ന ദിനമായാണ് ഈ ദിവസത്തെ സഭ നോക്കിക്കാണുന്നത്.

ക്രൈസ്തവ സമൂഹങ്ങളുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ രക്തസാക്ഷിത്വം വളരെയേറെ പ്രസക്തമാണെന്നും രക്തസാക്ഷികളുടെ ചുടുനിണവും ധീരമായ വിശ്വാസ സാക്ഷ്യവുമാണ് സഭയുടെ വളര്‍ച്ചയെന്നും ദൈവശാസ്ത്ര പണ്ഡിതനായ ഫാ. ഗിയോസെപ്പേ ഫ്ലോറിയോ പറഞ്ഞു. കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാനുള്ള സുവിശേഷത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ വിസ്മരിക്കരുതെന്നും സഭയ്ക്കു ലഭിക്കുന്ന സന്ദേശങ്ങളാണ് ഓരോ രക്തസാക്ഷിത്വവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രിത്വൈക ദൈവത്തിൽ വിശ്വാസമര്‍പ്പിച്ച് ജീവിക്കുന്ന ഓരോ വ്യക്തിയും നിത്യജീവിതത്തിൽ വിശ്വാസത്തിനു സാക്ഷ്യം നല്കാൻ വിളിക്കപ്പെട്ടവരാണെന്ന് മിഷൻ ഇറ്റലി ഡയറക്ടർ ഫാ. മൈക്കിൾ ഒടോറോ പറഞ്ഞു.

'ജീവിതത്തിലേക്ക് വിളിക്കപ്പെട്ടവർ' എന്ന ഈ വർഷത്തെ 'മിഷ്ണറി രക്തസാക്ഷിത്വ ദിന' പ്രമേയം പരിശുദ്ധാത്മാവിനാൽ പുരിതരായി മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ പങ്കാളികളായ നമ്മേ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു. മിഷ്ണറിമാരുടെ ജീവത്യാഗം സഭയെ കൂടുതൽ തീക്ഷ്ണതയില്‍ വളർത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടിരുന്നു.

ഈ പുണ്യദിനത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെയും വാഴ്ത്തപ്പെട്ട റാണി മരിയയുടെയും ഗ്രഹാം സ്റ്റെയിനിന്റെയും രക്തസാക്ഷിത്വത്തിന്റെ അമൂല്യമായ വിലയോട് ചേര്‍ത്ത് ഭാരത സഭയെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച്, സകല മിഷ്ണറിമാര്‍ക്ക് വേണ്ടിയും നമ്മുക്ക് പ്രാര്‍ത്ഥിക്കാം.


Related Articles »