News - 2025

ക്രൈസ്തവ വിശ്വാസത്തിന്റെ തളർച്ചയിൽ ആശങ്ക പങ്കുവെച്ച് നിരീശ്വരവാദിയായ ഡോകിന്‍സ്

സ്വന്തം ലേഖകന്‍ 26-03-2018 - Monday

ലണ്ടന്‍: യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന ബലക്ഷയത്തില്‍ ആശങ്ക പങ്കുവെച്ച് പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനും നിരീശ്വരവാദിയുമായ റിച്ചാര്‍ഡ് ഡോകിന്‍സ്. ക്രിസ്ത്യന്‍ രഹിത യൂറോപ്പ് അപകടത്തിലേക്ക് നയിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച പോസ്റ്റ്‌ ചെയ്ത ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. 20-ാം നൂറ്റാണ്ടിലെ സുപ്രസിദ്ധ കത്തോലിക്കാ എഴുത്തുകാരനായ ഹിലൈര്‍ ബെല്ലോക്കിന്റെ പദ്യശകലവും അദ്ദേഹം തന്റെ സന്ദേശത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

“കാരുണ്യ സ്വഭാവമുള്ള ക്രിസ്തുമതത്തിന്റെ അവസാനത്തില്‍ ആഹ്ലാദിക്കുന്നതിന് മുന്‍പ്, ഹിലൈര്‍ ബെല്ലോക്കിന്റെ ഈ പദ്യം നമുക്ക് മറക്കാതിരിക്കാം: ‘മോശമായതെന്തെങ്കിലും സംഭവിക്കുമെന്ന ഭയത്താല്‍ എപ്പോഴും ഒരു നേഴ്സിനെ കൂടെകരുതാം”. ട്വിറ്ററില്‍ തന്നെ പിന്തുടരുന്ന 27 ലക്ഷത്തോളം ആളുകള്‍ക്കായി ഈ ട്വീറ്റാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ബലക്ഷയത്തെക്കുറിച്ച് ‘ദി ഗാര്‍ഡിയന്‍’നില്‍ വന്ന ഒരു ലേഖനം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

കടുത്ത നിരീശ്വരവാദിയായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വിലയിരുത്തല്‍ ഏറെ ഞെട്ടലോടെയാണ് ലോകം നോക്കി കാണുന്നത്. എപ്പോഴും ക്രൈസ്തവ വിശ്വാസത്തെ എതിര്‍ത്തിരിന്ന അദ്ദേഹം തന്റെ പുതിയ ട്വീറ്റിലൂടെ ക്രൈസ്തവ വിശ്വാസത്തിന്റെ ബലക്ഷയത്തില്‍ ആശങ്ക പങ്കുവെച്ച സാഹചര്യം 'അത്ഭുതം' എന്നാണ് പലരും വിശേഷിപ്പിച്ചത്. യൂറോപ്പില്‍ ക്രിസ്തുമതം ക്ഷയിച്ചുകൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഡോക്കിന്‍സിനെ പോലെയുള്ള ഒരാളുടെ മുന്നറിയിപ്പിന് വലിയ പ്രാധാന്യം ആഗോള തലത്തില്‍ കല്‍പ്പിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടല്‍.


Related Articles »