News - 2024

വിശുദ്ധവാരത്തോടുള്ള ആദരവ്‌: ദേശീയ പതാക താഴ്ത്തികെട്ടി സ്പാനിഷ് സൈനികര്‍

സ്വന്തം ലേഖകന്‍ 29-03-2018 - Thursday

മാഡ്രിഡ്: യേശുവിന്റെ പീഡാസഹനത്തിന്റെ സ്മരണയില്‍ ആദരവ് പ്രകടിപ്പിച്ച് സ്പാനിഷ് സൈനീക നേതൃത്വം. വിശുദ്ധവാരം മുഴുവനും മാഡ്രിഡിലെ പ്രതിരോധ മന്ത്രാലയം ഉള്‍പ്പെടെ, സ്പെയിനിലെ മുഴുവന്‍ സൈനീക കെട്ടിടങ്ങളിലേയും, അതോട് ബന്ധപ്പെട്ട സ്ഥാപനങ്ങളിലേയും ദേശീയ പതാകകള്‍ പകുതി താഴ്ത്തികെട്ടുവാന്‍ പ്രതിരോധമന്ത്രാലയമാണ് നിര്‍ദ്ദേശിച്ചത്. മുന്‍കാലങ്ങളിലേപോലെ എല്ലാ മിലിട്ടറി യൂണിറ്റുകളിലേയും, സൈനീക കേന്ദ്രങ്ങളിലേയും, സൈനീക ബറാക്കുകളിലേയും ദേശീയ പതാകകള്‍ പെസഹ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ ഉയിര്‍പ്പു ഞായര്‍ പുലര്‍ച്ചെ 12.01 വരെ പകുതി താഴ്ത്തി കെട്ടുമെന്ന് ഇതുസംബന്ധിച്ച് പ്രതിരോധമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തൊട്ട് സ്പെയിനിലെ പ്രതിരോധ മന്ത്രാലയം ആചരിച്ചുവരുന്ന ഒരു ചടങ്ങാണിതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇതിനുപുറമേ വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി സേവില്ലെ, ഗ്രാനഡാ, മാഡ്രിഡ്‌, കാനറി ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള 80-ഓളം നഗരങ്ങളില്‍ നടക്കുന്ന 152-ഓളം പരേഡുകളിലും സൈന്യം പങ്കെടുക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൈനികരുടെ മതസ്വാതന്ത്ര്യത്തെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും, വിശുദ്ധവാര പരിപാടികളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ മാത്രം പങ്കെടുത്താല്‍ മതിയെന്നും പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.


Related Articles »