India - 2025
ഓഖി ധനസഹായത്തില്‍ സര്‍ക്കാര്‍ നിസംഗത തുടരുന്നു: രൂക്ഷ വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
സ്വന്തം ലേഖകന്‍ 02-04-2018 - Monday
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട 49 കുടുംബങ്ങള്‍ക്കു മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുള്ളുവെന്നും ബാക്കി കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നും കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ.എം. സൂസപാക്യം. സര്‍ക്കാരിന്റെ സഹായംകൂടാതെ മുന്നോട്ടു പോകുന്നതു പ്രയാസമാണെന്നും ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്കു വിദ്യാഭ്യാസം, ജോലി, വീട്, ചികിത്സച്ചെലവ് എന്നിവ നല്‍കാമെന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരിന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ഓഖി ദുരന്തം നടന്നു നാലു മാസം പിന്നിടുമ്പോള്‍ 49 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കിയത്. ബാക്കി കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അനുഭാവപൂര്‍ണമായ സമീപനം ലഭിച്ചു. സര്‍ക്കാരിന്റെ സഹായംകൂടാതെ മുന്നോട്ടു പോകുന്നതു പ്രയാസമാണ്. ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്കു വിദ്യാഭ്യാസം, ജോലി, വീട്, ചികിത്സച്ചെലവ് എന്നിവ നല്‍കാമെന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഓഖി ദുരന്തം കഴിഞ്ഞ സമയത്ത് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.
സര്‍ക്കാര്‍ സഹായപദ്ധതി നടപ്പാക്കിയാല്‍ മാത്രമേ അതിരൂപതയുടെ പദ്ധതി നടപ്പാക്കാനാകൂ. അല്ലെങ്കില്‍ ധനസഹായം നല്‍കുന്നതില്‍ ഇരട്ടിപ്പുണ്ടാകും. അതിനാല്‍ അതിരൂപതയുടെ പദ്ധതി വൈകിപ്പിക്കുകയാണ്. ഓഖി പുനരധിവാസ കമ്മീഷനില്‍ അതിരൂപതയുടെ സന്നദ്ധ സംഘടനയെകൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി അടിയന്തരമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി മത്സ്യബന്ധനത്തിനു പോയി കാണാതായവര്‍ക്കുള്ള ധനസഹായത്തെക്കുറിച്ചു സര്‍ക്കാര്‍ ഒന്നും പറയുന്നില്ലെന്നും മരിച്ചവരുടെ ആശ്രിത നിയമനം സംബന്ധിച്ചു സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍പെരേര പറഞ്ഞു.