News - 2025

ജീവിതം സുവിശേഷത്തിനു അനുസൃതമല്ലെങ്കില്‍ ദിവ്യകാരുണ്യം സ്വീകരിക്കരുത്: ബ്രിട്ടീഷ് ബിഷപ്പ്

സ്വന്തം ലേഖകന്‍ 03-04-2018 - Tuesday

ഷ്രൂസ്ബറി: സുവിശേഷത്തിനു വിരുദ്ധമായ ജീവിതം നയിക്കുന്നവര്‍ അനുതപിക്കുകയും കുമ്പസാരിക്കുകയും ചെയ്യാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കരുതെന്ന് ഇംഗ്ലണ്ടിലെ ഷ്രൂസ്ബറി രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാര്‍ക്ക് ഡേവിസ്. ഈ ആഴ്ചയുടെ അവസാനം പുറത്തിറങ്ങുവാനിരിക്കുന്ന അജപാലക സന്ദേശത്തിലാണ് ഇക്കാര്യം അദ്ദേഹം കുറിച്ചിരിക്കുന്നത്. വിശുദ്ധിയിലേക്കുള്ള ഏറ്റവും സമഗ്രമായ വിളിയാണ് ദിവ്യകാരുണ്യ സ്വീകരണമെന്നു അദ്ദേഹം രേഖപ്പെടുത്തി.

മതനിരപേക്ഷമായ കണ്ണിലൂടെ ദിവ്യകാരുണ്യത്തെ കാണുകയാണെങ്കില്‍ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം കുറയുമെന്ന മുന്നറിയിപ്പും അദ്ദേഹത്തിന്റെ കത്തിലുണ്ട്. നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതുപോലെ വിശുദ്ധരായി മാറുവാന്‍ യേശുവിന്റെ നിറസാന്നിധ്യമുള്ള തിരുവോസ്തിക്ക് കഴിയുമെന്ന് ക്രിസ്ത്യാനികള്‍ മനസ്സിലാക്കണം. ദിവ്യകാരുണ്യ സ്വീകരണത്തിനു മുന്‍പ് കൃത്യമായ ആത്മപരിശോധന നടത്തിയിരിക്കണമെന്ന് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞിട്ടുള്ളതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അല്ലാത്തവര്‍ കര്‍ത്താവിന്റെ തിരുശരീരത്തേയും, രക്തത്തേയും നിന്ദിക്കുകയാണ് ചെയ്യുന്നത്.

വിശുദ്ധിയിലേക്ക് നയിക്കുന്ന തിരുവോസ്തി വളരെ ഭക്തിപൂര്‍വ്വം സ്വീകരിക്കേണ്ടതാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാര്യവും മെത്രാന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിനാലാണ് യഥാവിധം കുമ്പസാരിക്കുകയും, അനുതപിക്കുകയും ചെയ്തതിന് ശേഷമല്ലാതെ ദിവ്യകാരുണ്യ സ്വീകരണം നടത്തരുതെന്ന് സഭ നിഷ്കര്‍ഷിക്കുന്നത്. നമ്മള്‍ എങ്ങനെയാണ് ദിവ്യകാരുണ്യ സ്വീകരണം നടത്തുന്നതെന്ന് സ്വയം ആത്മപരിശോധന നടത്തേണ്ടതാവശ്യമാണെന്നും ബിഷപ്പ് മാര്‍ക്ക് ഡേവിസിന്റെ ഇടയലേഖനത്തില്‍ പറയുന്നു.


Related Articles »