News - 2025

ചൈനയിൽ ഓണ്‍ലൈന്‍ ബൈബിൾ വില്പന നിരോധിച്ചു

സ്വന്തം ലേഖകന്‍ 06-04-2018 - Friday

ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന കമ്മ്യൂണിസ്റ്റ് ചൈനയിൽ ഓണ്‍ലൈന്‍ ബൈബിൾ വില്പന നിരോധിച്ചു. ചൈനയിലെ പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറുകളായ ടബാഒ, ഡങ്ഡാങ് അടക്കമുള്ള എല്ലാ സ്റ്റോറുകളിലും നിന്ന്‍ ബൈബിള്‍ വില്‍പ്പന ഇതിനോടകം അവസാനിപ്പിച്ചിട്ടുണ്ട്. ഇ സ്റ്റോറുകളില്‍ ബൈബിള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ' ഈ പ്രൊഡക്ട് ലഭ്യമല്ല' എന്ന കുറിപ്പാണ് ലഭിക്കുന്നത്. ചൈനീസ് മതകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന നിയന്ത്രണ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. തീരുമാനത്തില്‍ സര്‍ക്കാര്‍ മാറ്റംകൊണ്ട് വരണമെന്നും മതസ്വാതന്ത്ര്യം ക്രൈസ്തവര്‍ക്ക് അനുവദിക്കണമെന്നും മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷ്ണലിലെ വില്യം നീം പറഞ്ഞു.

ഓൺലൈൻ ബൈബിൾ വില്പന നിരോധനത്തിന് പുറമെ, പതിനെട്ട് വയസ്സിന് താഴെയുള്ളവർ ദേവാലയത്തില്‍ പ്രവേശിക്കുന്നതിന് ഗവൺമെന്റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹോംങ്കോങ് ജസ്റ്റിസ് ആന്റ് പീസ് കമ്മീഷൻ പ്രോജക്റ്റ് ഓഫീസര്‍ ഓർ യാൻ യാൻ വെളിപ്പെടുത്തി. വിശ്വാസത്തെ ഹനിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ അന്താരാഷ്ട്ര മനുഷ്യവകാശ ലംഘനമാണ്. മതസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെട്ടുത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ചൈനയിലേതെന്നും ഓർ യാൻ യാൻ പറഞ്ഞു. ലോകത്ത് ഏറ്റവും വേഗത്തില്‍ ക്രൈസ്തവ വിശ്വാസം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് കമ്മ്യൂണിസ്റ്റ് ചൈന. ഇതിലുള്ള ഭരണകൂടത്തിന്റെ ആശങ്കയാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് പിന്നിലുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.


Related Articles »