News - 2024

യഹൂദ ക്രിസ്ത്യന്‍ ബന്ധം ഊഷ്മളമാക്കാന്‍ ജറുസലേമില്‍ കെട്ടിട സമുച്ചയം ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 01-05-2018 - Tuesday

ജറുസലേം: യഹൂദ ക്രിസ്ത്യന്‍ ബന്ധം ഊഷ്മളമാക്കാന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുവാന്‍ എത്തുന്ന ക്രൈസ്തവര്‍ക്കായി ജറുസലേമില്‍ പ്രത്യേക കെട്ടിട സമുച്ചയം ഒരുങ്ങുന്നു. ‘ദി ഇന്റര്‍നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ക്രിസ്റ്റ്യന്‍സ് ആന്‍ഡ് ജ്യൂസ്’ സംഘടനയുടെ നേതൃത്വത്തിലാണ് കോടിക്കണക്കിന് ഡോളര്‍ ചിലവിട്ട് നിര്‍ദ്ദിഷ്ട അമേരിക്കന്‍ എംബസിയുടെ അടുത്തായി പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നത്. യേശു ജനിച്ച ബെത്ലഹേമിനും പടിഞ്ഞാറന്‍ മതിലിനും ഇടയിലായിട്ടായാണ് കെട്ടിടം നിര്‍മ്മിക്കുക. 3 വര്‍ഷങ്ങള്‍ കൊണ്ട് പണിപൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. ജറുസലേമിലെ യേശുവിന്റെ ജീവിതത്തെക്കുറിച്ചും,യഹൂദ വേരുകളുള്ള ക്രിസ്ത്യന്‍ ആചാരങ്ങളെക്കുറിച്ചും ക്രൈസ്തവരായ തീര്‍ത്ഥാടകര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്ന ഒരു വിദ്യാഭ്യാസകേന്ദ്രമായി കൂടിയായാണ് കെട്ടിടം പ്രവര്‍ത്തിക്കുക.

ഇസ്രായേലിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ‘പാന്റ്റി പാക്കേഴ്സ്’ എന്ന ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും തീര്‍ത്ഥാടകര്‍ക്ക് പാര്‍പ്പിട സമുച്ചയം വഴി ഒരുക്കും. ഇസ്രായേലിന്റെ ദൈവീക ചരിത്രം ഉള്‍കൊള്ളിച്ചുകൊണ്ടുള്ള വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം, ദിവ്യകര്‍മ്മങ്ങള്‍ക്കായുള്ള മുറികള്‍, പുരോഹിതര്‍ക്ക് സുവിശേഷ പ്രഘോഷണത്തിനും, അത് റെക്കോര്‍ഡ് ചെയ്യുവാനും ഉതകുന്ന സ്റ്റുഡിയോ തുടങ്ങീ നിരവധി പ്രത്യേകതകളുമായാണ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുക.

തീര്‍ത്ഥാടനത്തിന് ശേഷം തിരികെ സ്വദേശങ്ങളില്‍ മടങ്ങിയെത്തുന്നവര്‍ സ്വന്തം രാജ്യങ്ങളില്‍ ഇസ്രായേലിന്റെ പ്രചാകരകരായി വര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്ന് ‘ദി ഫെല്ലോഷിപ്പിന്റെ’ ഗ്ലോബല്‍ എക്സിക്യുട്ടീവ്‌ വൈസ് പ്രസിഡന്റായ ‘യേല്‍ എക്സ്റ്റൈന്‍ പറഞ്ഞു. അതിനാല്‍ തന്നെ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളവും ഈ പാര്‍പ്പിട കേന്ദ്രം നേട്ടകരമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന് പുതു തലമുറയില്‍പ്പെട്ട ക്രൈസ്തവരുടെ പിന്തുണ നേടുന്നതിനും ഈ ഭവനകേന്ദ്രം സഹായിക്കുമെന്നാണ് സംഘടനാ ഭാരവാഹികളുടെ പ്രതീക്ഷ. അതേസമയം പദ്ധതിക്കു പൂര്‍ണ്ണ പിന്തുണയുമായി അമേരിക്കന്‍ ക്രൈസ്തവര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

.


Related Articles »