News - 2025

ഗാസയിലെ ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പ് പരുങ്ങലില്‍

സ്വന്തം ലേഖകന്‍ 11-04-2018 - Wednesday

ഗാസ സിറ്റി: സംഘര്‍ഷം രൂക്ഷമായ ഗാസയില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പ് പരുങ്ങലില്‍. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഗാസയിലെ കത്തോലിക്ക ജനസംഖ്യ നാലിലൊന്നായി ചുരുങ്ങിയതായാണ് പുതിയ റിപ്പോർട്ടുചൂണ്ടി കാണിക്കുന്നത്. തങ്ങളുടെ ജീവിതം കാരാഗൃഹത്തിന് സമാനമാണെന്നും ദൈവീക ഇടപെടലിനായി പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം കാത്തിരിക്കുകയാണെന്നും ഗാസയില്‍ ശുശ്രൂഷ ചെയ്യുന്ന കത്തോലിക്ക വൈദികന്‍ ഫാ.മാരിയോ ഡ സിൽവ ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാൻ വർഷത്തിലൊരിക്കൽ ലഭിക്കുന്ന അനുവാദം ഉപയോഗിച്ച് പാലസ്തീനിയൻ പാരമ്പര്യമുള്ള ക്രൈസ്തവരെല്ലാം ഗാസയിൽ നിന്നും പലായനം ചെയ്യുകയാണെന്നു അദ്ദേഹം പറഞ്ഞു.

കാരാഗ്രഹത്തിന് സമാനമാണ് ഇന്ന് ഗാസ. ആരുടേയും കൈയ്യില്‍ നിത്യചെലവിനുള്ള പണമില്ല. ദാരിദ്യം എങ്ങും വ്യാപിക്കുകയാണ്. ചുരുക്കം സമയങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉണ്ടാകുക. കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമമാണ് രാജ്യത്തു നേരിടുന്നത്. എണ്ണത്തില്‍ തങ്ങള്‍ കുറവാണെങ്കിലും യുദ്ധത്തിന്റെ കെടുതികള്‍ക്ക് ഇടയില്‍ ജാതിമതഭേദമെന്യേ അഭയവും സഹായവും നല്‍കാന്‍ ക്രൈസ്തവ വിശ്വാസികളും സന്നദ്ധ സംഘടനകളുമാണ് മുന്നില്‍. മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ ആഗോള ക്രിസ്തീയ സമൂഹത്തിന്റെ പ്രാർത്ഥന ആവശ്യമാണെന്നും ദൈവത്തിന്റെ ഇടപെടൽ മാത്രമാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം 30 നു നടന്ന പ്രക്ഷോഭത്തെ തുടർന്ന് മേഖല സംഘർഷഭരിതമായിരുന്നു. ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അതിര്‍ത്തിരേഖ മറികടക്കാന്‍ ശ്രമിക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് അമ്പതിനായിരത്തോളം പ്രതിഷേധക്കാരാണ് ഗാസയിലെ അഞ്ച് ഇടങ്ങളിലായി പ്രക്ഷോഭം നടത്തിയത്. തുടര്‍ന്നു വ്യാപകമായ അക്രമ പരമ്പര നടന്നിരിന്നു.


Related Articles »