News - 2025

കത്തോലിക്ക സഭ ഫ്രാന്‍സിന്റെ അവിഭാജ്യ ഘടകം: പ്രസിഡന്റ് മാക്രോണ്‍

സ്വന്തം ലേഖകന്‍ 11-04-2018 - Wednesday

പാരീസ്: കത്തോലിക്ക സഭ ഫ്രാന്‍സിന്റെ സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ഏപ്രില്‍ 9 തിങ്കളാഴ്ച പാരീസില്‍ വച്ച് നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ സജീവ പങ്കാളികളാകുവാന്‍ കത്തോലിക്കരെ ക്ഷണിച്ച അദ്ദേഹം സഭയിലും വിശ്വാസികളിലും താല്‍പര്യം കാണിക്കാത്ത ഫ്രഞ്ച് പ്രസിഡന്റുമാര്‍ തങ്ങളുടെ ദൗത്യത്തില്‍ വീഴ്ച വരുത്തുകയായിരിന്നുവെന്നും പറഞ്ഞു

മതനിരപേക്ഷതക്ക് ഫ്രാന്‍സിന്റെ നീണ്ടകാലത്തെ ക്രിസ്ത്യന്‍ പാരമ്പര്യത്തെ തകര്‍ക്കുവാന്‍ കഴിയുകയില്ല. അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുമെങ്കിലും നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരുടെ കാര്യത്തില്‍ നിയന്ത്രണം ശക്തമാക്കും. സത്യത്തിലധിഷ്ടിതമായ സംവാദങ്ങള്‍ വഴി സഭയും രാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുവാനാണ് തന്റെ ശ്രമം. മതനിരപേക്ഷതക്കെതിരായവര്‍ എന്ന നിലയില്‍ രാഷ്ട്രീയക്കാര്‍ കത്തോലിക്കരെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ ദേശീയ മെത്രാന്‍ സമിതിയുടെ തലവനായ ആര്‍ച്ച് ബിഷപ്പ് ജ്യോര്‍ഗസ് പോണ്ടിയര്‍ ഫ്രാന്‍സിന്റെ ബയോ എത്തിക്സ് നിയമങ്ങളുടെ പോരായ്മകളെ പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, അക്കാര്യത്തില്‍ തങ്ങളുടെ വിയോജിപ്പ്‌ രേഖപ്പെടുത്തുകയും ചെയ്തു. ഭവനരഹിതരുടേയും, മനോവൈകല്യമുള്ളവരുടേയും വിഷമതകള്‍ വെളിപ്പെടുത്തുന്ന സാക്ഷ്യങ്ങളോടെയായിരുന്നു കോണ്‍ഫറന്‍സിന്റെ തുടക്കം.


Related Articles »