News - 2025
കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കാന്‍ വൈകരുത്: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 13-04-2018 - Friday
വത്തിക്കാന്‍ സിറ്റി: ജനനത്തിനു ശേഷം കുഞ്ഞുങ്ങളെ ഉടനെ തന്നെ മാമ്മോദീസ മുക്കണമെന്നും വളര്‍ന്നു കാര്യങ്ങള്‍ മനസ്സിലാക്കിയതിനു ശേഷം അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കാം എന്ന് വിചാരിക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ബുധനാഴ്ച (ഏപ്രില്‍ 11) ആഴ്ചതോറുമുള്ള പൊതു അഭിസംബോധനയുടെ ഭാഗമായി വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്കു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. കുട്ടികളില്‍ പരിശുദ്ധാരൂപി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാത്ത മാതാപിതാക്കളാണ് മാമ്മോദീസ വൈകിപ്പിക്കുന്നതെന്നും പാപ്പ പറഞ്ഞു.
ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയാണ് മാമ്മോദീസ. ഏഴു കൂദാശകളില്‍ ഒന്നായ ജ്ഞാനസ്നാനമാണ് കര്‍ത്താവിനെ നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നതിനും, ദൈവീക രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിനും അനുവദിക്കുന്ന വാതില്‍. ജ്ഞാനസ്നാനമെന്ന കൂദാശയുടെ അര്‍ത്ഥം പോലുമറിയാത്ത കുട്ടികളെ എന്തിനു ജ്ഞാനസ്നാനപ്പെടുത്തണമെന്നാണ് ചില മാതാപിതാക്കള്‍ ചിന്തിക്കുന്നത്. എന്നാല്‍ കുട്ടികളില്‍ ക്രിസ്തീയ മൂല്യങ്ങള്‍ വളരുവാനും വികസിക്കുവാനും മാമ്മോദീസ ആവശ്യമാണെന്ന കാര്യം അവര്‍ അറിയുന്നില്ല. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുവാനുള്ള അവസരം എല്ലാ കുട്ടികള്‍ക്കും ലഭിക്കണം. അതിനാല്‍ നിങ്ങളുടെ കുട്ടികളെ ജ്ഞാനസ്നാനപ്പെടുത്തുവാന്‍ മറക്കരുത്.
ജ്ഞാനസ്നാന തൊട്ടി നമ്മെ ഒരു പുതിയ മനുഷ്യനാക്കി മാറ്റുകയാണ് ചെയ്യുന്നത്. അത് യേശുവില്‍ പുനഃസൃഷ്ടിക്കപ്പെട്ട മനുഷ്യനാക്കി മാറ്റുന്നു. ആദാമിന്റെ മുഴുവന്‍ സന്തതികളും യേശുവിനാല്‍ പുതിയൊരു ജീവിതത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനസ്നാനം നമ്മുടെ ജീവിതത്തെ തിളക്കമുള്ളതാക്കുകയും സ്വര്‍ഗ്ഗീയമായ വിശുദ്ധ നാട്ടില്‍ എത്തുന്നത് വരെ നമ്മുടെ ഓരോ കാലടിയിലും നമ്മെ നയിക്കുകയും ചെയ്യും. കുട്ടികളുടെ മാമ്മോദീസ തീയതി ഓര്‍ത്തിരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ആയിരങ്ങളെ അഭിവാദനം ചെയ്യുന്നതിനിടയില്‍ വാഹനത്തിനടുത്തെത്തിയ കുഞ്ഞുങ്ങളെ എടുത്ത് ലാളിക്കുവാനും ഫ്രാന്‍സിസ് പാപ്പ മറന്നില്ല.