News - 2025

ആര്‍ച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു യാത്രാമൊഴി

സ്വന്തം ലേഖകന്‍ 24-04-2018 - Tuesday

നാഗ്പുര്‍: ആര്‍ച്ച് ബിഷപ്പ് ഡോ.ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ ഭൗതികശരീരം നാഗ്പുര്‍ സെന്റ് ഫ്രാന്‍സിസ് സാലസ് കത്തീഡ്രലില്‍ ഇന്നലെ വൈകുന്നേരം കബറടക്കി. മൃതസംസ്ക്കാര ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, ഗോവ ആര്‍ച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറോ എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി കാര്‍മ്മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം അന്‍പതിലേറെ ബിഷപ്പുമാരും തിരുകര്‍മ്മങ്ങളില്‍ ഭാഗഭാക്കായി.

കഷ്ടപ്പാടുകളും ത്യാഗങ്ങളും അനുഷ്ഠിച്ച് അദ്ദേഹം അര്‍പ്പിച്ച ശുശ്രൂഷാശൈലി ഒട്ടേറെ സമര്‍പ്പിതര്‍ക്കു പ്രവര്‍ത്തനമാതൃകയായിട്ടുണ്ടെന്നും ഭാരതസഭയുടെ വളര്‍ച്ചയ്ക്കും ഐക്യത്തിനുമായി പിതാവ് എക്കാലവും നിലകൊണ്ടുവെന്നും കര്‍ദ്ദിനാള്‍ സ്മരിച്ചു. സഹനങ്ങളും ദുരിതങ്ങളും ജീവിതബലിയായി അര്‍പ്പിച്ച വിരുത്തക്കുളങ്ങര പിതാവ് എക്കാലത്തും ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നും മാര്‍ ക്ലീമിസ് ബാവ പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും വിശ്വാസപ്രചാരണ തിരുസംഘത്തിന്റെയും അനുശോചനം വിവിധ പ്രതിനിധികള്‍ വായിച്ചു. സിബിസിഐയുടെ അനുശോചനം സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര ബിഷപ്പുമായ ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസും മുംബൈ ആര്‍ച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ അനുശോചനം മുംബൈ സഹായ മെത്രാന്‍ ഡോ. ഡൊമിനിക് സാവിയോ ഫെര്‍ണാണ്ടസും വായിച്ചു. ഖാണ്ഡ്‌വ, നാഗ്പൂര്‍ രൂപതകളില്‍ സേവനം ചെയ്തു അനേകരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച ആര്‍ച്ച്ബിഷപ്പ് വിരുത്തക്കുളങ്ങരയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒരു ലക്ഷത്തോളം ആളുകളാണ് നാഗ്പൂരില്‍ എത്തിച്ചേര്‍ന്നത്.


Related Articles »