News - 2025
മെക്സിക്കോയെ ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കണമെന്ന് മുന്‍ ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 24-04-2018 - Tuesday
മെക്‌സിക്കോ സിറ്റി: അക്രമവും അഴിമതിയും ദാരിദ്ര്യവും രൂക്ഷമായ സാഹചര്യത്തിൽ മെക്സിക്കോയെ ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കണമെന്ന് മുന്‍ ആര്‍ച്ച് ബിഷപ്പിന്റെ അഭ്യര്‍ത്ഥന. മെക്‌സിക്കോയിലെ ഹലിസ്‌കോ സംസ്ഥാനത്തിലെ ഗുവാഡലാജാര രൂപതയുടെ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ജുവാൻ സാൻഡോവൽ ഇനിഗസാണ് ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ പ്രഥമ പ്രത്യക്ഷീകരണദിനമായ മെയ് പതിമൂന്നിന് മെക്സിക്കോയിലെ ബിഷപ്പുമാർ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിനും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനും പ്രതിഷ്ഠിക്കണമെന്ന് ബിഷപ്പ് നിർദ്ദേശിക്കുന്നത്.
ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ സമയത്ത് പരിശുദ്ധ കന്യകാമറിയം റഷ്യയെ തന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടതും അദ്ദേഹം അനുസ്മരിച്ചു. തന്റെ നിര്‍ദ്ദേശം ബിഷപ്പുമാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ദുരിതങ്ങളുടെ ഈ കാലഘട്ടത്തില്‍ ബിഷപ്പുമാരുടെ ശബ്ദം ആളുകളെ വഴി നടത്തേണ്ടത് അനിവാര്യമാണ്. അവര്‍ മെക്സിക്കോയിലെ വിശ്വാസഗണത്തിന്റെ നേതാക്കളാണ്. അതുപോലെ ദൈവത്തിന്റെ ജനമാണ്. മെക്സിക്കോയെ ദൈവമാതാവിനെ സമര്‍പ്പിക്കുമെന്ന വാക്കുകള്‍ ബിഷപ്പുമാരില്‍ നിന്ന്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ജുവാൻ പറഞ്ഞു.
മെക്സിക്കോയിൽ അക്രമം രൂക്ഷമായതിനെ തുടര്‍ന്നു ഏതാനും സ്ഥലങ്ങളില്‍ നിന്നും കന്യാസ്ത്രീകളെ, കത്തോലിക്ക സഭാനേതൃത്വം തിരിച്ചുവിളിച്ചിരിന്നു. ഇതിനിടെ വൈദിക നരഹത്യയും രാജ്യത്തു വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നാണ് ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ നാലു വൈദികരാണ് മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്.