News - 2025

വിശുദ്ധ ജോണ്‍ XXIII-മന്‍ പാപ്പയുടെ ഭൗതീക ശരീരം ഇറ്റലിയിലേക്ക്

സ്വന്തം ലേഖകന്‍ 25-04-2018 - Wednesday

വത്തിക്കാന്‍ സിറ്റി: 19ാം നൂറ്റാണ്ടിന്റെ പകുതിയില്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലിരുന്ന് ആഗോള കത്തോലിക്ക സഭയെ നയിച്ച വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ ഭൗതീക ശരീരം അദ്ദേഹത്തിന്റെ രൂപതയായ ബെര്‍ഗാമോയിലേക്ക്. മെയ് 24-ന് ബെര്‍ഗാമോയിലെത്തിക്കുന്ന ഭൗതീക ശരീരം വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനത്തിനു വെക്കും. മാര്‍പാപ്പ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന്റെ 60-ാം വാര്‍ഷികവും, മരണത്തിന്റെ 55-ാം വാര്‍ഷികവും പ്രമാണിച്ചാണ് വിശുദ്ധന്റെ ഭൗതീക ശരീരം ബെര്‍ഗാമോ രൂപതയിലെത്തുന്നത്. ഇപ്പോള്‍ റോമിലെ സെന്റ്‌ പീറ്റേഴ്സ്‌ ബസലിക്കയിലാണ് ഭൗതീക ശരീരം നിലകൊള്ളുന്നത്.

ബെര്‍ഗാമോയിലെ ജയിലിലായിരിക്കും വിശുദ്ധന്റെ തിരുശേഷിപ്പ് ആദ്യമായി പ്രദര്‍ശനത്തിനു വെക്കുന്നത്. അതിനു ശേഷം ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പായുടെ നാമധേയത്തില്‍ സ്ഥാപിതമായിട്ടുള്ള രൂപതാ സെമിനാരിയില്‍ പ്രദര്‍ശനത്തിനു വക്കും. ആ രാത്രിയില്‍ തന്നെ രൂപതയിലെ പുരോഹിതരുടെ അകമ്പടിയോടെ തിരുശേഷിപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിക്കും. മെയ് 27-ന് വിശുദ്ധ കുര്‍ബാനക്ക് ശേഷം വിശുദ്ധന്റെ നാമധേയത്തിലുള്ള ആശുപത്രിയിലേക്ക് തിരുശേഷിപ്പ് കൊണ്ടുപോകും. ജൂണ്‍ 10 വരെ വിശ്വാസികള്‍ക്ക് വിശുദ്ധന്റെ തിരുശേഷിപ്പ് ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ജൂണ്‍ 10-ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ സമര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം ഭൗതീക ശരീരം വത്തിക്കാനിലേക്ക് തിരികെ കൊണ്ടുപോകും.

1881 നവംബര്‍ 25-ന് ഇറ്റലിയിലെ ബെര്‍ഗാമോക്ക് സമീപമുള്ള സോട്ടോ ഇല്‍ മോണ്ടെയിലായിരുന്നു ജനിച്ചത്. പൗരോഹിത്യ സ്വീകരണത്തിനു ശേഷം വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ വിശുദ്ധന്‍ നിരവധി വര്‍ഷം സേവനം ചെയ്തു. 1953-ല്‍ വെനീസിലെ പാത്രിയാര്‍ക്കായി അദ്ദേഹം നിയമിതനായി. 1958 ഒക്ടോബര്‍ 28-ന് നടന്ന കോണ്‍ക്ലേവില്‍ അദ്ദേഹം മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു തുടര്‍ന്നു 5 വര്‍ഷം അദ്ദേഹം സഭയെ നയിച്ചു. 1962-ൽ രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുചേർത്തത് ഇദ്ദേഹമായിരുന്നു. പിറ്റേ വര്‍ഷം അദ്ദേഹം നിത്യതയിലേക്ക് യാത്രയായി. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുവാന്‍ കാത്തിരിക്കുകയാണ് ബെര്‍ഗാമോയിലെ വിശ്വാസികള്‍.


Related Articles »