News - 2025
ഫിലിപ്പീന്‍സില്‍ യുവവൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 30-04-2018 - Monday
കാഗയന്‍: ഫിലിപ്പീന്‍സിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ കാഗയനില്‍ വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫാ. മാർക്ക് ആന്‍റണി വെന്റുര എന്ന യുവ കത്തോലിക്ക വൈദികനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ നടന്ന ദിവ്യബലി അർപ്പണത്തിനുശേഷം കുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയായിരിന്ന വൈദികന് നേരെ ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതന്‍ നിറയൊഴിക്കുകയായിരിന്നു. സംഭവസ്ഥലത്തു നിന്ന്‍ തന്നെ വൈദികന്‍ മരിച്ചു. അക്രമത്തിന് പിന്നിലുള്ള കാരണം ഇനിയും വ്യക്തമല്ല. 2013-ല്‍ തിരുപ്പട്ടം സ്വീകരിച്ച ഫാ. മാർക്ക്, മാബയാൻ മിഷൻ ഓഫ് കാഗയാൻ മുന്‍ ഡയറക്ടറായിരുന്നു.
ഫിലിപ്പീന്‍സിലെ കുഞ്ഞുങ്ങളുടെ ക്ഷേമത്തിനും തൊഴിലാളികളുടെ ഉന്നമനത്തിനും നീതിപൂര്‍വ്വകമായ രാഷ്ട്രീയ തിരഞ്ഞെടുപ്പിനും വേണ്ടി ശബ്ദമുയര്‍ത്തിയ വൈദികന്‍ കൂടിയായിരിന്നു ഫാ. മാര്‍ക്ക്. വൈദികന്റെ മരണത്തില്‍ ഫിലിപ്പീന്‍സ് ദേശീയ മെത്രാന്‍ സമിതി കടുത്ത ദുഃഖം രേഖപ്പെടുത്തി. ഘാതകനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് മെത്രാന്‍ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫിലിപ്പീന്‍സില്‍ നാലുമാസത്തിനുള്ളില്‍ വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. മാര്‍ക്ക്. അതേസമയം അന്വേഷണത്തിന് പോലീസ് പ്രത്യേക സംഘത്തെ ഇതിനോടകം നിയമിച്ചിട്ടുണ്ട്.