News - 2025

“എല്ലാവരിലും സുവിശേഷമെത്തുന്നത് വരെ തങ്ങള്‍ ദൗത്യം തുടരും”: കൊറിയന്‍ ദൗത്യമായി എഫ്‌ഇ‌ബി‌സി

സ്വന്തം ലേഖകന്‍ 05-05-2018 - Saturday

പ്യോംങ്യാംഗ്: ഉത്തര കൊറിയയിലെ എല്ലാ ജനങ്ങളിലേക്കും സുവിശേഷമെത്തുന്നതു വരെ തങ്ങള്‍ ദൗത്യം തുടരുമെന്നു പ്രഖ്യാപിച്ച് ‘ഫാര്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി’. എഫ്‌ഇ‌ബി‌സിയുടെ സിയോളിലുള്ള റേഡിയോ സ്റ്റേഷന്‍ വഴിയാണ് വന്‍ പ്രേഷിത സംഘം ഉത്തര കൊറിയയിലും, ദക്ഷിണ കൊറിയയിലും സുവിശേഷ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ 75 വര്‍ഷമായി ആഗോള തലത്തില്‍ റേഡിയോ വഴി സുവിശേഷം സംപ്രേഷണം നടത്തിക്കൊണ്ടിരിക്കുന്ന എഫ്‌ഇ‌ബി‌സിയുടെ കൊറിയന്‍ ദൗത്യത്തെ കുറിച്ച് കമ്പനിയുടെ പ്രസിഡന്റായ എഡ് കാനനാണ് സി‌ബി‌എന്നിന് അനുവദിച്ച അഭിമുഖത്തില്‍ വിവരിച്ചത്.

ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ 16 വര്‍ഷമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഉത്തര കൊറിയയിലെ ജനങ്ങളെ 'യേശുവിനെ അറിയിക്കുക' എന്ന അപകടകരമായ ദൗത്യമാണ് ‘ഫാര്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി’ (FEBC) ചെയ്തുകൊണ്ടിരിക്കുന്നത്. റേഡിയോയിലൂടെ സുവിശേഷം സംപ്രേഷണം ചെയ്യുക വഴി യേശുവിനെ രക്ഷകനായി സ്വീകരിക്കുവാനും പിന്തുടരുവാനും ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു കാനന്‍ വ്യക്തമാക്കി. ഉത്തര കൊറിയയിലെ ജനങ്ങള്‍ക്ക് ക്രൈസ്തവ വിശ്വാസവുമായി വലിയ പരിചയമില്ലെന്നും മറ്റുള്ള രാജ്യങ്ങളില്‍ തങ്ങള്‍ക്കുള്ള അതേ ലക്ഷ്യം തന്നെയാണ് ഉത്തര കൊറിയയിലുള്ളതെന്നും കാനന്‍ കൂട്ടിച്ചേര്‍ത്തു.

കൊറിയയില്‍ എത്രത്തോളം പേര്‍ തങ്ങളുടെ പരിപാടി ശ്രവിക്കുന്നുണ്ടെന്ന്‍ പറയുക അസാധ്യമാണ്. എങ്കിലും തങ്ങളുടെ പരിപാടികള്‍ ശ്രവിക്കുന്നവര്‍ നന്ദി അറിയിച്ചുകൊണ്ട് രഹസ്യമായി തങ്ങള്‍ക്ക് സന്ദേശമയക്കാറുണ്ട്. ഭരണകൂടത്തിനെതിരെ എഫ്‌ഇ‌ബി‌സി രാഷ്ട്രീയമായി ഒന്നുംതന്നെ പറയാറില്ല. റേഡിയോ സംപ്രേഷണം കൂടാതെ ഉത്തര കൊറിയക്കാര്‍ക്ക് രഹസ്യമായി സുവിശേഷം ശ്രവിക്കുന്നതിന് ആയിരകണക്കിന് പോക്കറ്റ് റേഡിയോകളും എഫ്‌ഇ‌ബി‌സി രഹസ്യമായി അതിര്‍ത്തി കടത്തിവിടുന്നുണ്ട്. പരിപാടികള്‍ ശ്രവിക്കുന്നത് പിടിക്കപ്പെട്ടാല്‍ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് താന്‍ ബോധവാനാണെന്നും കാനന്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും, ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്നും തമ്മില്‍ നടക്കുവാനിരിക്കുന്ന കൂടിക്കാഴ്ച ഫലവത്താകുമെന്നും, കൂടുതല്‍ ഉത്തര കൊറിയക്കാര്‍ക്ക് സുവിശേഷം കേള്‍ക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയും പങ്ക് വെച്ചുകൊണ്ടാണ് കാനന്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. 49 രാജ്യങ്ങളിലായി 149 സ്റ്റേഷനുകള്‍ വഴി 107 ഭാഷകളില്‍ എഫ്‌ഇ‌ബി‌സിയുടെ സുവിശേഷ സംപ്രേഷണം നടക്കുന്നുണ്ട്.


Related Articles »