News - 2025
സാംബിയന്‍ രാഷ്ട്രീയത്തെ ക്രിസ്തീയമാക്കണമെന്നു പ്രസിഡന്റ് എഡ്ഗാര്‍ ലുങ്ങു
സ്വന്തം ലേഖകന്‍ 07-05-2018 - Monday
ലുസാക്ക: കിഴക്കാഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയത്തെ ക്രിസ്തീയമാക്കണമെന്ന് പ്രസിഡന്‍റ് എഡ്ഗാര്‍ ലുങ്ങുവിന്റെ ആഹ്വാനം. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബാത്ത് വെല്‍സ് രൂപതകളും, സാംബിയയിലെ അഞ്ച് രൂപതകളും തമ്മിലുള്ള പരസ്പരസഹകരണത്തിന്റെ 40-മത്തെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാന നഗരമായ ലുസാക്കയിലെ ഹോളി ക്രോസ് ആംഗ്ലിക്കന്‍ കത്തീഡ്രലില്‍ വെച്ചായിരുന്നു ആഘോഷം. സഭാ നേതാക്കള്‍ രാഷ്ട്രീയക്കാരുമായി സംസാരിച്ച് ക്രിസ്തുവിനെ പ്രഘോഷിക്കുവാനും, പരസ്പരം സ്നേഹിക്കുവാനും അവരെ പഠിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളുടെ സാന്നിധ്യം തന്നെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ തന്നെ ആശങ്കാകുലനാക്കുന്നു. ക്രിസ്ത്യന്‍ സഭയില്‍ നിന്നും വന്ന ആളുകള്‍ തന്നെയാണ് രാഷ്ട്രീയക്കാരും, പാര്‍ട്ടികള്‍ സ്ഥാപിച്ചവരും. അതിനാല്‍ നമ്മള്‍ എല്ലാവരും സഭയുടെ മക്കള്‍ തന്നെയാണ്. അധികം താമസിയാതെ തന്നെ നമ്മള്‍ ചിലങ്ങായില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുവാന്‍ പോവുകയാണ്. സാംബിയന്‍ രാഷ്ട്രീയത്തെ ക്രിസ്തീയമാക്കണം. പ്രസിഡന്‍റ് എഡ്ഗാര്‍ പറഞ്ഞു.
ഭൂമിശാസ്ത്രപരവും, ആശയപരവുമായ വിഭാഗീയതകളെ ഇല്ലാതാക്കുവാന്‍ ഫലവത്തായ ചര്‍ച്ചകള്‍ക്ക് എപ്രകാരം കഴിയുമെന്നതിന്റെ ഉദാഹരണമാണ് സാംബിയന്‍-യു.കെ സഭകളുടെ പങ്കാളിത്തമെന്നും പാട്രിയോട്ടിക് ഫ്രണ്ട് പാര്‍ട്ടി അംഗം കൂടിയായ ലുങ്ങു പറഞ്ഞു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പരസ്പര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനുമായി 28 പേരടങ്ങുന്ന സംഘം ആംഗ്ലിക്കന്‍ ബ്രിട്ടീഷ് രൂപതയെ പ്രതിനിധീകരിച്ച് സാംബിയയില്‍ എത്തിയിട്ടുണ്ട്.