News - 2024

പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ പരിശുദ്ധ അമ്മയില്‍ ആശ്രയിക്കുക: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 09-05-2018 - Wednesday

വത്തിക്കാന്‍ സിറ്റി: പിശാചിന്‍റെ പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ പരിശുദ്ധ അമ്മയില്‍ ആശ്രയിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ മെയ് എട്ടാം തീയതി സാന്താ മാര്‍ത്ത കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. പിശാചിന്‍റെ കെണികളില്‍ വീഴാതിരിക്കാന്‍ ജാഗ്രതയുള്ളവരായിരിക്കുക എന്ന വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 16-ാമധ്യായത്തിലെ വായനയെ ആസ്പദമാക്കിയാണ് പാപ്പ സന്ദേശം നല്‍കിയത്. നമ്മെ പ്രലോഭിപ്പിക്കുന്നതിനുള്ള പിശാചിന്റെ കഴിവ് അപാരമാണെന്നും പിശാച് പ്രലോഭകനാണെന്ന് നമ്മുക്ക് അത്രവേഗം മനസ്സിലാകുകയില്ലായെന്നും പാപ്പ പറഞ്ഞു.

നമ്മെ പ്രലോഭിപ്പിക്കുന്നതിനുള്ള അവന്‍റെ കഴിവ് അപാരമാണ്, അതിനുവേണ്ടി, അവന്‍ തന്നെത്തന്നെ വലിയ ശക്തിയുള്ളവനാണെന്നു കാണിക്കും. സാത്താന്‍ ഒത്തിരിയേറെ കാര്യങ്ങള്‍ നമുക്ക് വാഗ്ദാനം ചെയ്യും. മനോഹരമായി പൊതിഞ്ഞ സമ്മാനങ്ങള്‍ തരും. അതിനുള്ളില്‍ എന്താണെന്നു കാണാന്‍ അനുവദിക്കാതെ, സമ്മാനപ്പൊതിയുടെ മനോഹാരിതയില്‍ നമ്മെ മയക്കും. അങ്ങനെ നമ്മുടെ ദുരഭിമാനത്തിനും ജിജ്ഞാസയ്ക്കും ചേര്‍ന്ന വാക്കുകളിലൂടെ അവന്‍റെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവനു കഴിയും. സാത്താന്‍ അപകടകാരിയാണ്.

ഒരുതരത്തിലും അവനെ സമീപിക്കാതിരിക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്യുക എന്നത് ആത്മീയജീവിതത്തില്‍ അടിസ്ഥാനപരമായ ഒരു തെരഞ്ഞെടുപ്പാണ്. നുണയുടെ വാഗ്ദാനങ്ങളാണ് സാത്താനുള്ളത്. അവനു മനോഹരമായി സംസാരിക്കാനറിയാം. അവന്‍ നഷ്ടപ്പെടുത്തുന്നവനാണ് എങ്കിലും വിജയിയെപ്പോലെ കാണപ്പെടും. കരിമരുന്നു പ്രയോഗത്തിലെന്ന പോലെ അവന്‍റെ പ്രഭ ശക്തമെങ്കിലും നൈമിഷികമായിരിക്കും. എന്നാല്‍, കര്‍ത്താവ്, സൗമ്യനാണ്, പക്ഷേ നിത്യനാണ്. സാത്താനെതിരെ പ്രലോഭനത്തെ വിജയിക്കാന്‍ അമ്മയെ ആശ്രയിക്കുക. കുഞ്ഞുങ്ങളെപ്പോലെ പരിശുദ്ധ അമ്മയുടെ പക്കല്‍ ചെല്ലുക. അവള്‍ നമ്മെ കാത്തുകൊള്ളും. പാപ്പ പറഞ്ഞു.


Related Articles »