News - 2024

സുവിശേഷവത്ക്കരണത്തിന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജം: ദേശീയ കത്തോലിക്ക മെത്രാൻ സമിതി

സ്വന്തം ലേഖകന്‍ 10-05-2018 - Thursday

ന്യൂഡൽഹി: കർണ്ണാടകയിലെ ലിങ്കായത്ത് സമൂഹത്തെ സുവിശേഷവത്കരിക്കുമെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ദേശീയ കത്തോലിക്ക മെത്രാൻ സമിതി. ലിങ്കായത്ത് സമൂഹവുമായി കൂടിച്ചേർന്ന് സമുദായ അംഗങ്ങളെ സുവിശേഷവത്കരിക്കണമെന്നാണ് സി‌ബി‌സി‌ഐയുടെ പേരില്‍ പ്രചരിക്കുന്ന കത്തിൽ സൂചിപ്പിക്കുന്നത്. മെയ് 12ന് കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യാജ പ്രചരണത്തിലൂടെമുതലെടുപ്പ് നടത്തുവാന്‍ ചിലര്‍ ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക പ്രസ്താവന സി‌ബി‌സി‌ഐ ഇന്നലെ പുറപ്പെടുവിച്ചത്. മെത്രാൻ സമിതി സെക്രട്ടറിയായ ബിഷപ്പ് തിയോഡോർ മസ്കാരൻഹാന്‍സാണ് കത്ത് വ്യാജമാണെന്ന് വിശദീകരണം നല്കിയത്.

ദേശീയ മെത്രാൻ സമിതി അദ്ധ്യക്ഷനായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ബർണാർഡ് മോറിസ് എന്നിവര്‍ തയാറാക്കിയതെന്ന വ്യാജേനെയാണ് കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. മെത്രാൻ സമിതി അദ്ധ്യക്ഷനായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ സെക്രട്ടറിയായി രേഖപ്പെടുത്തിയിരിക്കുന്നതും വരികളിലെ തെറ്റുകളും ഒപ്പില്ലാത്തതും കത്ത് വ്യാജമാണെന്നതിന് തെളിവാണ്. ലിങ്കായത്ത് മതവിശ്വാസികൾക്ക് പ്രത്യേക പദവി ലഭിക്കുക വഴി അവരെ സുവിശേഷവത്കരിച്ച് ക്രൈസ്തവ സഭ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് വ്യാജ കത്തിൽ ചൂണ്ടി കാണിക്കുന്നു.

ഇതു സംബന്ധിച്ച് വത്തിക്കാൻ കർണ്ണാടക അധികാരികളുമായി ചർച്ച നടത്തിയെന്ന പ്രസ്താവനയും തെറ്റാണെന്ന് മെത്രാൻ സമിതി ചൂണ്ടി കാണിച്ചു. സംസ്ഥാനത്തെ പതിനേഴ് ശതമാനത്തോളം വരുന്ന ലിങ്കായത്തിനെ പ്രീതിപ്പെടുത്തി `കർണ്ണാടക അസ്സംബ്ലി തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പു വരുത്തുകയാണ് വ്യാജ കത്തിന് പിന്നിലുള്ളവരുടെ ശ്രമമെന്നു വിലയിരുത്തപ്പെടുന്നു. സഭയ്ക്കെതിരെ നീക്കം നടത്തുന്നവർ തുടർന്നും ആവർത്തിക്കാതിരിക്കാൻ നിയമ നടപടിയെടുക്കാനാണ് മെത്രാൻ സമിതിയുടെ തീരുമാനം.


Related Articles »