News - 2025

ചെക്ക് സ്ലോവാക്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 12-05-2018 - Saturday

വത്തിക്കാന്‍ സിറ്റി: ചെക്ക് പ്രദേശങ്ങള്‍ക്കും സ്ലോവാക്യയ്ക്കും വേണ്ടിയുള്ള ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ ആര്‍ച്ച് ബിഷപ്പ് റാസ്റ്റിസ്ലോ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെയാണ് കൂടിക്കാഴ്ച നടന്നത്. വിശുദ്ധ സിറിള്‍, വിശുദ്ധ മെത്തഡിയൂസ്, വിശുദ്ധ റത്തിസ്ലാവ് എന്നീ വിശുദ്ധരുടെ രൂപങ്ങള്‍ ആര്‍ച്ച് ബിഷപ്പ് പാപ്പായ്ക്കു സമ്മാനിച്ചു. പരസ്പര സ്നേഹത്തിനായുള്ള പ്രവര്‍ത്തനങ്ങളും സമാധാനത്തിനായുള്ള പൊതുവായ അന്വേഷണങ്ങളും തുടരുന്നതിനു ദൈവത്തെ സ്തുതിക്കാമെന്ന വാക്കുകളോടെയാണ് സന്ദര്‍ശനത്തിനെത്തിയ ആര്‍ച്ച് ബിഷപ്പ് റാസ്റ്റിസ്ലോയെ ഫ്രാന്‍സിസ് പാപ്പ അഭിവാന്ദനം ചെയ്തത്.

"റോമിലുള്ള പുരാതന ബസിലിക്ക സാന്‍ ക്ലെമേന്തെ, സ്ലാവ് അപ്പസ്തോലനായ വിശുദ്ധ സിറിലിന്‍റെ കബറിടം എന്നിവ പ്രത്യേകം എടുത്തു പറയുന്നതിനു ഞാനാഗ്രഹിക്കുന്നു. രണ്ടാമതായി, വിശുദ്ധ സഹോദരങ്ങളായ സിറിലും മെത്തഡിയസും സ്ലൊവേക്യ ജനതയ്ക്കു സ്വീകാര്യമായ വിധത്തില്‍ സുവിശേഷ സന്ദേശത്തെ പരിഭാഷപ്പെടുത്തിയതിലൂടെ നമുക്കു കൈവന്ന ബന്ധമാണ് എടുത്തുപറയേണ്ടത്. ആ സംസ്ക്കാരത്തില്‍ രൂപമെടുത്ത സുവിശേഷം, സംസ്ക്കാരത്തിന്‍റെ വളര്‍ച്ചയ്ക്കു തന്നെ കാരണമായി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഈ വിശുദ്ധന്മാരെ യൂറോപ്പിന്‍റെ മധ്യസ്ഥരാക്കി ഉയര്‍ത്തുകയും, സുവിശേഷവത്ക്കരണത്തിനു മാതൃക ആയി തുടര്‍ന്നും അവര്‍ പ്രശോഭിക്കുകയും ചെയ്യുന്നു". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

എമ്മാവൂസിലേയ്ക്കു പോയ, ദുഃഖിതരായ ശിഷ്യന്മാരോടൊത്ത് ഉത്ഥിതനായ യേശു നടന്നുനീങ്ങി അവരെ ശക്തിപ്പെടുത്തിയത് അനുസ്മരിച്ചുകൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് റാസ്റ്റിസ്ലോ തന്‍റെ സന്ദേശം ആരംഭിച്ചത്. യേശു അന്ന് അപ്പം മുറിച്ചതുപോലെ, ചരിത്രപരമായ കാരണങ്ങളാല്‍, ഇന്നു നമുക്കതിനാവുന്നില്ലെന്ന നൊമ്പരവും ആര്‍ച്ച് ബിഷപ്പ് പങ്കുവച്ചു. മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിന് മുന്‍പ് റോമിലെ വിശുദ്ധ ക്ലെമെന്‍റിന്‍റെ ബസിലിക്കയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ ഒരുമിച്ചു ബലിയര്‍പ്പിച്ചതിലുള്ള കൃതജ്ഞതയും അദ്ദേഹം അറിയിച്ചു.


Related Articles »