News
ഇന്തോനേഷ്യയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ചാവേറാക്രമണം; ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 13-05-2018 - Sunday
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരാബായയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ചാവേറാക്രമണം. ഇന്ന് രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെ മൂന്ന് പള്ളികളിലാണ് ആക്രമണമുണ്ടായത്. വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ആക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുമിനിറ്റിനിടെ മൂന്നിടങ്ങിടങ്ങളിലായ നടന്ന ആക്രമണം രാവിലെ 7.30ഓടെയാണ് ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ഭരണകൂടം വ്യക്തമാക്കി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യം ഇനിയും കൂടുമെന്നാണ് സൂചന.
ചാവേറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ദേവാലയങ്ങളിൽനിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യങ്ങളില്‍ ഒന്നായ ഇന്തോനേഷ്യായില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേരെ വിവേചനവും ആക്രമണങ്ങളും ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ മാർച്ച് 8 ന് തെക്കൻ സുമത്രായിലെ ചാപ്പലിൽ നടന്ന ആക്രമണത്തിൽ ദേവാലയത്തിനും തിരുസ്വരൂപങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ക്രൈസ്തവരും ഹിന്ദുക്കളുമാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നത്. പത്തു ശതമാനത്തോളമാണ് ഇന്തോനേഷ്യയിലെ ക്രൈസ്തവ സാന്നിദ്ധ്യം.