News - 2024

ഇന്തോനേഷ്യയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം; പിന്നില്‍ ഐ‌എസ്

സ്വന്തം ലേഖകന്‍ 14-05-2018 - Monday

സുരബായ: ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ചാവേറാക്രമണത്തില്‍ മരണസംഖ്യ 13 ആയി. ഒരു കുടുംബത്തിലെ മാതാപിതാക്കളും നാലു മക്കളും ചേർന്നു നടത്തിയ ചാവേറാക്രമണമാണ് ഇന്നലെ ഇന്തോനേഷ്യയില്‍ നടന്നത്. ഇതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അക്രമത്തില്‍ 41 പേർക്കു പരുക്കേറ്റു. സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ ഒന്നാമത്തെ കുർബാനയ്ക്കു ശേഷമായിരുന്നു ആദ്യ ആക്രമണം. ബോംബുകൾ മടിയിൽവച്ചു ബൈക്കിലെത്തിയ പതിനെട്ടും പതിനാറും വയസ്സുള്ള രണ്ട് ആൺമക്കളാണു ചാവേറുകളായത്. നാലുപേർ കൊല്ലപ്പെട്ടു.

മിനിറ്റുകൾക്കകം ദിപൊനെഗൊരൊ പള്ളിയിൽ മാതാവും പന്ത്രണ്ടും ഒൻപതും വയസ്സുള്ള പെൺമക്കളും ബാഗിൽ കൊണ്ടുവന്ന സ്ഫോടകവസ്തുക്കളുമായി തള്ളിക്കയറി പൊട്ടിത്തെറിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച കാർ പെന്തക്കോസ്ത് പള്ളിയുടെ കവാടത്തിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു പിതാവിന്റെ ആക്രമണം. സിറിയയിൽ നിന്നു മടങ്ങിയെത്തിയ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുഭാവികളാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇവർ നാട്ടിൽ ജെമ അൻഷറൂത്ത് ദൗല (ജെഎഡി) എന്ന ഭീകര സംഘടനയുടെ ഭാഗമായാണു പ്രവർത്തിച്ചിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.


Related Articles »