News - 2025

“പോപ്പ് ഫ്രാന്‍സിസ് - എ മാന്‍ ഓഫ് ഹിസ്‌ വേഡ്” തീയറ്ററുകളില്‍

സ്വന്തം ലേഖകന്‍ 18-05-2018 - Friday

വത്തിക്കാന്‍ സിറ്റി: സുപ്രസിദ്ധ സംവിധായകനായ വിം വെണ്ടേഴ്സ് സംവിധാനം ചെയ്തിരിക്കുന്ന “പോപ്പ് ഫ്രാന്‍സിസ് - എ മാന്‍ ഓഫ് ഹിസ്‌ വേഡ്” എന്ന ഡോക്യുമെന്ററി ചലച്ചിത്രം ഇന്നു തീയറ്ററുകളില്‍. ചിത്രത്തിന്‍റെ ആഗോള വിതരണക്കാരായ ഫോക്കസ് ഫീച്ചേഴ്സ് അമേരിക്കയിലെ നൂറോളം തീയറ്ററുകളിലാണ് ഇന്ന് ചിത്രം എത്തിക്കുന്നത്. കുടുംബങ്ങളുടെ ദൗത്യം, ഭൗതീകത, അസമത്വം, പരിസ്ഥിതി, കുടിയേറ്റം, സാമൂഹ്യ നീതി, മരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചോദ്യോത്തര രൂപത്തിലുള്ള നീണ്ട സംവാദമാണ് ഡോക്യുമെന്ററി ചിത്രം. പ്രേക്ഷകര്‍ക്ക് ഫ്രാന്‍സിസ് പാപ്പായോട് മുഖാമുഖം സംസാരിക്കുന്ന പ്രതീതിയുളവാക്കുന്ന ശൈലിയാണ് ഡോക്യുമെന്ററിയില്‍ സ്വീകരിച്ചിരിക്കുന്നത്.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫ്രാന്‍സിസ് പാപ്പയെ കുറിച്ചുള്ള ഡോക്യുമെന്ററി തയാറാക്കാന്‍ ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചറിനായി മൂന്ന് പ്രാവശ്യം അക്കാദമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള വിം വെണ്ടേഴ്സ് തീരുമാനിച്ചത്. വത്തിക്കാന്‍ ടി.വി ആര്‍ക്കീവ്സിലെ ചിത്രങ്ങളും, വീഡിയോകളും മാര്‍പ്പാപ്പയുടെ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. വത്തിക്കാന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവനായ മോണ്‍. ഡാരിയോ വിഗാനോയാണ് ഡോക്യുമെന്ററി യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി ഇടപെടല്‍ നടത്തിയത്.


Related Articles »