News - 2025

പാക്കിസ്ഥാനിൽ നിർബന്ധിത ഖുറാൻ പഠന നിയമം; പ്രതിഷേധവുമായി ക്രൈസ്തവ സംഘടന

സ്വന്തം ലേഖകന്‍ 18-05-2018 - Friday

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഖുറാൻ പഠനം വിദ്യാർത്ഥികൾക്ക് നിർബന്ധമാക്കാനുള്ള നടപടിയില്‍ പ്രതിഷേധം വ്യാപകം. അറബിക് ഖുറാൻ വായനയും പരിഭാഷയും എല്ലാ വിദ്യാർത്ഥികളും പഠിച്ചിരിക്കണമെന്ന ചട്ടമാണ് പുതിയ ബില്‍ ശുപാര്‍ശ ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുകൊണ്ടാണ് നിയമം അധികൃതര്‍ കൊണ്ടുവന്നേക്കുന്നതെന്ന ആരോപണം വ്യാപകമാണ്. നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിസ്ത്യൻ നിയമ- സന്നദ്ധ സഹായ സംഘടനയായ ക്ലാസ് - യുകെ രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ താമസിക്കുന്ന ക്രൈസ്തവരുടെ വിശ്വാസപരമായ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് പുതിയ നിയമമെന്ന് ക്ലാസ് - യുകെ ഡയറക്ടര്‍ നസീര്‍ സയിദ് പറഞ്ഞു.

ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികൾക്കായി സമാന പദ്ധതികളൊന്നും ആവിഷ്കരിക്കാത്ത ഭരണകൂടത്തിന്റെ നയം ചോദ്യം ചെയ്യപ്പെടണമെന്നും മത അനൈക്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഗവൺമെന്റ് നടപടി വിവേചനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലെ മുസ്ളിം ഇതര സമൂഹത്തിനെതിരെ നടത്തുന്ന നീക്കമാണ് ഭരണകൂടത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു. പുതിയ നിയമം മെയ് നാലിന് പ്രോവിൻഷ്യൽ അസംബ്ലി പാസ്സാക്കിയതോടെ ജാതിഭേദമെന്യേഎല്ലാ കുട്ടികളും ഖുറാൻ നിര്‍ബന്ധപൂര്‍വ്വം പഠിക്കേണ്ട സ്ഥിതി സംജാതമായിരിക്കുകയാണ്.


Related Articles »